എഐ നിര്‍മിത പ്രതീകാത്മക ചിത്രം
മധ്യപ്രദേശിലെ ധാറില്‍ കാര്‍ കലുങ്കിലിടിച്ച് മറിഞ്ഞ് തീപിടിച്ച് നാല് യുവാക്കള്‍ വെന്തുമരിച്ചു. വാഹനത്തില്‍ നിന്ന് തെറിച്ചുപോയ ഒരാള്‍ ഗുരുതരപരുക്കുകളോടെ ചികില്‍സയിലാണ്. ലെബദ്-നയാഗാവ് നാലുവരിപ്പാതയില്‍ ഞായറാഴ്ച രാത്രി പതിനൊന്നേകാലിനായിരുന്നു അപകടം. സഗൂർ ഗ്രാമവാസികളായ അഞ്ച് സുഹൃത്തുക്കൾ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് ധാർ ജില്ലാ പൊലീസ് സൂപ്രണ്ട് സച്ചിൻ ശർമ അറിയിച്ചു.
ഭീം ധക്കഡ് (24), ആദിത്യ തിവാരി (22), ചേതൻ ധക്കഡ് (21), അഭിഷേക് സോളങ്കി (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തുഷാർ മണ്ട്ലോയി (20) എന്ന യുവാവിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെ വച്ചായിരുന്നു അപകടം. ടയർ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കലുങ്കില്‍ ഇടിച്ച് മറിയുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നു. തുഷാര്‍ ഒഴികെയുള്ളവര്‍ കാറിനുള്ളില്‍ അകപ്പെട്ടതിനാല്‍ രക്ഷപെടാനായില്ല.
അതുവഴി എത്തിയ മറ്റുവാഹനങ്ങളിലുള്ളവര് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയാണ് ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തിയത്. തീയണക്കുമ്പോഴേക്കും കാറും ഉള്ളിലുണ്ടായിരുന്നവരും കത്തിക്കരിഞ്ഞിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ധാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.