Image Credit : Facebook
കൊളംമ്പിയന്‍ യാത്രക്കിടയില്‍ ഇന്ത്യന്‍ നിര്‍മിത ബൈക്കുകള്‍ കണ്ട ആവേശത്തില്‍ ചിത്രമടക്കം പങ്കുവച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ കമ്പനികളുടെ വാഹനങ്ങൾ കാണുന്നതിലുള്ള സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചുകൊണ്ടുള്ള ഹൃദ്യമായൊരു കുറിപ്പും രാഹുല്‍ പങ്കുവച്ചു. കറുപ്പ് നിറത്തിലുള്ള ബജാജ് പൾസർ 180യ്ക്കൊപ്പം നില്‍ക്കുന്ന രാഹുലിന്‍റെ ചിത്രം സൈബറിടത്ത് ഇതിനോടകം കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്.
ബജാജ്, ഹീറോ, ടിവിഎസ് കമ്പനികളെയാണ് രാഹുൽ എടുത്തുപറഞ്ഞ് പ്രശംസിച്ചിട്ടുള്ളത്. രാഹുലിന്‍റെ കുറിപ്പ് ഇങ്ങനെ..'ബജാജ്, ഹീറോ, ടിവിഎസ് എന്നിവ കൊളംബിയയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണുന്നതിൽ അഭിമാനമുണ്ട്. നൂതനാശയങ്ങൾ കൊണ്ട് ഇന്ത്യൻ കമ്പനികൾക്ക് വിജയിക്കാനാകുമെന്ന് ഇത് തെളിയിക്കുന്നു. ഗംഭീരം' എന്നായിരുന്നു രാഹുല്‍ കുറിച്ചത്.
വലിയ വാഹനപ്രേമിയൊന്നുമല്ലെങ്കിലും ബൈക്കുകളോടാണ് രാഹുലിന് ഇഷ്ടം കൂടുതല്‍ എന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായി ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയിലെത്തിയ രാഹുല്‍ ഗാന്ധി ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലാണ് യാത്ര നയിച്ചത്. രാഹുലിനൊപ്പം ബൈക്കിന് പിന്നിലിരുന്നാണ് പ്രിയങ്ക വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്നത്. ബൈക്കില്‍ ഇരുന്നുളള രാഹുലിന്‍റെയും പ്രിയങ്കയുടെയും ദൃശ്യങ്ങള്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗം തീര്‍ത്തിരുന്നു.