ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തകര്‍പ്പന്‍ ഓഫറുകളുമായി മഹാരാഷ്ട്രയുടെ പുതിയ ഇ.വി നയം. ഫോര്‍വീലറുകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയാണ് ഡിസ്കൗണ്ട്. അതിവേഗ ഹൈവേകളില്‍ ഇ.വികള്‍ക്ക് ടോളും ഒഴിവാക്കി.
കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്തുമ്പോള്‍ മഹാരാഷ്ട്ര ഇ.വികള്‍ക്ക് വാരിക്കോരി ഓഫറുകള്‍ നല്‍കുകയാണ്. ഇ.വി ഇരുചക്ര വാഹനങ്ങള്‍ക്ക് മുപ്പതിനായിരവും ഫോര്‍വീലറുകള്‍ക്ക് രണ്ട് ലക്ഷം വരെയും ഇലക്ട്രിക് ബസുകള്‍ക്ക് 20 ലക്ഷം വരെയുമാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്.
ഹൈവേയിലെ ഒരോ 25 കിലോമീറ്ററിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കും. ഹൗസിങ് സൊസൈറ്റികളിലും ചാര്‍ജിങ്ങിന് സൗകര്യം വരും. അടല്‍സേതു കടല്‍പ്പാലം അടക്കം മൂന്ന് ഹൈവേകളില്‍ ഇ.വികള്‍ക്ക് ടോള്‍ പൂര്‍ണമായി ഒഴിവാക്കി. മറ്റ് ഹൈവേകളില്‍ പകുതി ടോള്‍ നല്‍കിയാല്‍ മതിയാകും.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് അയ്യായിരം കോടി രൂപയാണ് ഇലക്ട്രിക് വാഹന മേഖലയുടെ പ്രോത്സാഹനത്തിനായി മാറ്റി വച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ വിപണി കഴിഞ്ഞവര്‍ഷം കുത്തനെ ഇടിഞ്ഞതോടെയാണ് പുതിയ നയംമാറ്റത്തിന് കളമൊരുങ്ങുന്നത്. 30 ലക്ഷത്തിന് മുകളിലുള്ള ഇ.വികള്‍ക്ക് ആറ് ശതമാനം നികുതി ചുമത്താനുള്ള ബജറ്റ് തീരുമാനവും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.