nagpur

മഹാരാഷ്ട്ര നാഗ്പൂരിൽ മത പരിവർത്തനം ആരോപിച്ചുള്ള അറസ്റ്റിന് പിന്നിൽ പ്രാദേശിക എംഎൽഎയെന്ന് മലയാളി വൈദികൻ സുധീർ മനോരമ ന്യൂസിനോട്. ശക്തമായ സമ്മർദ്ദമാണ് എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതേ തുടർന്ന്, പൊലീസിന്റെ ഭാഗത്തുനിന്നും ക്രൂരമായ അനുഭവമാണ് തനിക്കും സുഹൃത്തുക്കൾക്കും നേരിട്ടത്. 

യാതൊരു മാനുഷിക പരിഗണനയും ഉണ്ടായില്ല. കൊടും തണുപ്പിൽ സ്വെറ്റര്‍ ഇടാനോ ചെരുപ്പോ എടുക്കാനോ അവർ സമ്മതിച്ചില്ല. തന്റെ സഭയിലെ ഒരു കുട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കുമ്പോഴാണ് കുപ്രചരണം നടത്തി കസ്റ്റഡിയിൽ എടുക്കുന്നത്. ജന്മദിനം ആഘോഷിച്ചത് ഒരു ക്രിമിനൽ കുറ്റമായിട്ടാണ് അവർ കണ്ടത്. തങ്ങൾക്ക് സഹായവുമായി എത്തിയ നാല് പേർക്കെതിരെയും കേസെടുത്തു. അറസ്റ്റിന്റെ സമയത്ത് തന്നെ പൊലീസ് ആക്രമിച്ചുവെന്നും ഫാദർ സുധീർ മനോരമ ന്യൂസ് പറഞ്ഞു. 

മിഷനറി മേഖലയിൽ പ്രവർത്തിക്കുമ്പോൾ വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് ഭാര്യ ജാസ്മിനും പറഞ്ഞു. ഇതിന് മുൻപ് പല തവണ ബജ്‌രംഗ് ദൾ, ശിവേസന അനുയായികൾ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു ക്രൂരമായ അനുഭവം ആദ്യമായിട്ടാണെന്നും ജാസ്മിൻ  മനോരമ ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം അമരവിള സ്വദേശിയും നാഗ്‌പൂർ മിഷനിലെ വൈദികനുമായ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ ക്രിസ്മസ് പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കുമ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈദിക സംഘമുൾപ്പെടെ 11 പേരാണ് അറസ്റ്റിലായത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇവരെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.

ENGLISH SUMMARY:

Religious conversion arrest in Nagpur is the main topic. A Kerala priest was arrested in Nagpur for allegedly conducting illegal religious conversions, highlighting concerns about religious freedom and minority rights in India.