മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ചു പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികനും സംഘത്തിനും കോടതി ജാമ്യം അനുവദിച്ചു. സി.എസ്.ഐ സഭയുടെ നാഗ്‌പുർ-അമരാവതി മിഷൻ വൈദികൻ ഫാദർ ജെ.എൽ. സുധീർ ഉൾപ്പെടെയുള്ള 11 പേർക്കാണ് വരുൾ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫാദർ ജെ.എൽ. സുധീർ, അദ്ദേഹത്തിന്റെ ഭാര്യ ജാസ്മിൻ, സഹായി എന്നിവരടങ്ങുന്ന സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിർബന്ധിതമായി മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്ന പരാതിയെത്തുടർന്നായിരുന്നു നടപടി.
തിരുവനന്തപുരം നെയ്യാറ്റിൻകര അമരവിള സ്വദേശിയായ ഫാദർ സുധീർ കഴിഞ്ഞ ആറു വർഷമായി അമരാവതി മിഷനിൽ ശുശ്രൂഷ ചെയ്തുവരികയാണ്. സാധാരണ നിലയിലുള്ള പ്രാർത്ഥനാ യോഗങ്ങൾക്കിടെയാണ് നിർബന്ധിത മതപരിവർത്തനം എന്ന വ്യാജാരോപണം ഉന്നയിച്ച് പൊലീസ് ഇടപെടൽ ഉണ്ടായതെന്ന് സഭ ആരോപിച്ചു. മലയാളി വൈദികനെതിരായ നടപടിയ്ക്കെതിരെ മുഖ്യന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്തയച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. അറസ്റ്റ് ആശങ്കാജനകമെന്നും മതസ്വാതന്ത്ര്യത്തിന് എതിരെന്നും കത്തില്‍.