worlds-longest-limo

ആഡംബരക്കാര്‍ സ്വന്തമാക്കുക എന്നത് പലരുടേയും സ്വപ്നമാണ്. സാങ്കേതിക വിദ്യ ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ മാസ്റ്റര്‍ പീസുകള്‍ സൃഷ്ടിക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ തമ്മില്‍ മല്‍സരമാണ്. എന്നാല്‍ 100 അടി നീളമുള്ള ഒരു ലിമോ നിര്‍മിച്ച കസ്റ്റമര്‍ ഉണ്ടെന്ന് പറഞ്ഞാലോ....  വലുപ്പം കൊണ്ട് മാത്രമല്ല, അതിലെ സൗകര്യങ്ങളും കൊണ്ട് ULTRA LUXURIOUS ആണ് ഈ കാര്‍. 

ദി അമേരിക്ന്‍ ഡ്രീം എന്നാണ്  ഈ വമ്പന്റെ പേര്. 1986ല്‍ നിര്‍മിച്ച ഈ അപൂര്‍വ കലാസൃഷ്ടി 1976ലെ കാഡിലാക് എല്‍ഡൊറാഡോയെ അടിസ്ഥാനമാക്കിയുളളതാണ്.  പ്രശസ്ത കാര്‍ കസ്റ്റമൈസര്‍ ജെയ് ഓര്‍ബര്‍ഡ് ആണ് അമേരിക്കന്‍ ഡ്രീം നിര്‍മിച്ചത്. 1986ല്‍  ഗിന്നസ് റെക്കോര്‍ഡ‍് സ്വന്തമാക്കി. തുടര്‍ന്ന് സിനിമാ നിര്‍മാതാക്കള്‍ ആഡംബരക്കാര്‍ വാടകയ്ക്കെടുത്തു. കാലക്രമേണ ലൈം ലൈറ്റില്‍ നിന്ന് കാറിന് പിന്മാറേണ്ടിവന്നു.  പൊടിപിടിച്ചു കിടന്ന ലിമോ മൈക്കല്‍ മാനിങ് എന്ന വ്യക്തി  നവീകരണത്തിനായി വാങ്ങി. ഓട്ടോസിയം എന്ന സ്ഥാപനത്തില്‍  പഠനത്തിന് വിധേയമാക്കി. കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് കാര്‍ ഇ ബേയില്‍ ലേലത്തില്‍ വിട്ടു. 2019ല്‍ ഒര്‍ലാന്‍ഡോയിലുളള ഡെസര്‍ലാന്‍ഡ് കാര്‍  മ്യൂസിയത്തിന്റെ ഉടമ മൈക്കല്‍ ഡേസര്‍  കാര്‍ സ്വന്തമാക്കി.  പുതുക്കി പണിത് ഇന്നത്തെ രൂപത്തിലാക്കി.

26 ചക്രങ്ങളുളള സൂപ്പര്‍ ലിമോയില്‍ മുന്നിലും പിന്നിലുമായി കരുത്തുറ്റ രണ്ട് V8 എന്‍ജിനുകളാാണ് ഘടിപ്പിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും ഡ്രൈവ് ചെയ്യാം.  രണ്ട് ഭാഗങ്ങളായാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. മധ്യത്തില്‍ ഒരു ഹിഞ്ച് ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇടുങ്ങിയ കോണിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുന്നു. 36 വര്‍ഷത്തിനു ശേഷമാണ് ഈ മോഡല്‍ പുനസ്ഥാപിച്ചത്. 60 അടിയായിരുന്നു അമേരിക്കന്‍ ഡ്രീമിന്റെ വലുപ്പം. ഇപ്പോള്‍ അത് നീട്ടി 100 അടി 1.5 ഇഞ്ചാക്കി. മെറ്റീരിയില്‍ കോസ്റ്റ്  ഷിപ്പിങ്, പണിച്ചെലവ്  എന്നിവയുള്‍പ്പെടെ 2,50,000 ഡോളറാണ് നവീകരണത്തിനുള്ള ചെലവ്. 

സൗകര്യങ്ങള്‍ 

ഇനി കാറിലെ സൗകര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉള്ളതിനേക്കാള്‍ സൗകര്യങ്ങള്‍ ഇതിലുണ്ട്. വാട്ടര്‍ബെഡ്, ഡൈവിങ് ബോര്‍ഡുളള നീന്തല്‍ക്കുളം, ഹെലിപാഡ്, ജക്കൂസി, ബാത്ത് ടബ്,  മിനി ഗോള്‍ഫ് കോഴ്സ്, നിരവധി ഫ്രിജുകള്‍, ടിവികള്‍,  ടെലിഫോണ്‍ തുടങ്ങി  അപൂര്‍വ  സൗകര്യങ്ങള്‍ ഉളളതാണ് ഈ കാര്‍. സ്റ്റീല്‍ ബ്രാക്കറ്റ് ഉപയോഗിച്ചാണ് ഹെലിപാഡ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. അയ്യായിരം പൗണ്ട് വരെ താങ്ങാനുള്ള ശേഷി ഹെലിപാഡിനുണ്ട്.  75 ആളുകള്‍ക്ക് സുഖകരമായി  ഇതില്‍ യാത്ര ചെയ്യാനാകും. ഇത് റോഡിലൂടെ ഓടിച്ചു പോവുക നല്ല ബുദ്ധിമുട്ടാണ്. അതിനാല്‍ ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയിലുളള ഡെസര്‍ലാന്‍ഡ് കാര്‍  മ്യൂസിയത്തിലാണ്  അമേരിക്കന്‍ ഡ്രീം പ്രദര്‍ശിപ്പിച്ചിട്ടുളളത്. 

ENGLISH SUMMARY:

The American Dream," World's Longest Limo, Restored by Florida Man