ഡോ.നിഷ അശോക് കുമാർ ഈ വർഷത്തെ മിസിസ് കേരള. കൊച്ചിയിൽ നടന്ന മത്സരത്തിൽ ജൂനി ജേക്കബ് ഫസ്റ്റ് റണ്ണറപ്പായി. 45 പേരിൽ നിന്നാണ് വിവിധ റൗണ്ടുകൾക്കപ്പുറം വിജയിയെ തിരഞ്ഞെടുത്തത്.
കേരളത്തിൽ വേരുകളുള്ള വിവാഹിതരായ വനിതകൾക്കായി ഒരുക്കിയ സൗന്ദര്യ മത്സരത്തിലാണ് ഡോ. നിഷ അശോക് കുമാർ ജേതാവായത്. ജൂനി ജേക്കബ് ഫസ്റ്റ് റണ്ണറപ്പും, ജസ്റ്റി ജോസ് സെക്കൻ്റ് റണ്ണറപ്പും, ടിൻ്റു പണിക്കർ തേർഡ് റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു.
മത്സരാർഥികളുടെ കഴിവും ബുദ്ധിയും ആത്മവിശ്വാസവും വിലയിരുത്തിയ ബൗദ്ധിക, സൗന്ദര്യ, ഫാഷൻ റൗണ്ടുകളിലൂടെയാണ് ജേത്രിയെ കണ്ടെത്തിയത്. മൂന്ന് റൗണ്ടുകളിലായി നടന്ന ഫിനാലെയിൽ പരമ്പരാഗത നെയ്ത്തുകാർക്ക് പിന്തുണയുമായി കൈത്തറി സാരിയണിഞ്ഞാണ് ഇൻട്രൊഡക്ഷൻ റൗണ്ടിൽ മത്സരാർഥികൾ റാംപിൽ എത്തിയത്. രണ്ടാം റൗണ്ടിൽ ഇൻഡോ-വെസ്റ്റേൺ ഔട്ട്ഫിറ്റുകളിലായിരുന്നു മത്സരാർഥികളുടെ പ്രകടനം.
700 പേരാണ് മത്സരത്തിനായി അപേക്ഷിച്ചത്. ഇതിൽ നിന്നാണ് ഫിനാലെയിലേക്ക് 45 പേരെ തിരഞ്ഞെടുത്തത്. ഇതിൽ നിന്നും മികച്ച പ്രകടനം നടത്തിയ 20 പേർ രണ്ടാം റൗണ്ടിലെത്തി. ഇതിൽ നിന്നാണ് ഫൈനൽ റൗണ്ടിലേക്കുള്ള 8 പേരെ കണ്ടെത്തിയത്.