ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ഒൻപത് വയസ്സുകാരിയായ മലയാളി പെൺകുട്ടി. പാലക്കാട് പട്ടാമ്പി സ്വദേശിയും ഷാർജ ഔർ ഓൺ ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായ അനയ രഞ്ജിത്താണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ഇതോടെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന നേട്ടവും, മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന ചരിത്ര ബഹുമതിയും അനയ സ്വന്തം പേരിൽ കുറിച്ചു. 

സമുദ്രനിരപ്പിൽ നിന്ന് 5895 മീറ്റർ ഉയരം. ഓരോ ചുവടിലും തളർത്തുന്ന മരംകോച്ചുന്ന തണുപ്പ്. ഉയരങ്ങളിക്ക് പോകുന്തോറും പ്രാണവായുവിന്റെ കുറവ്. എന്നാൽ, ഈ പ്രതിസന്ധികളെയെല്ലാം നിശ്ചയദാർഢ്യം കൊണ്ട് മറികടന്നാണ് ഒൻപതു വയസ്സുകാരി അനയ രഞ്ജിത്ത് ആഫ്രിക്കയുടെ നെറുകയിൽ ത്രിവർണ്ണ പതാക പാറിച്ചത്.

കഴിഞ്ഞ വർഷം ശക്തമായ മഴയും അതികഠിനമായ തണുപ്പും കാരണം ആദ്യ ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തോൽവിയിൽ തളരാതെ, മാസങ്ങൾ നീണ്ട ചിട്ടയായ പരിശീലനത്തിലൂടെയാണ് അച്ഛൻ രഞ്ജിത്തിന്റെ കൈപിടിച്ച് ഇത്തവണ അനയ ഈ സ്വപ്നയാത്ര പൂർത്തിയാക്കിയത്. വെറും മൂന്ന് ദിവസവും ഇരുപത് മണിക്കൂറും കൊണ്ടാണ് ഈ കൊച്ചു മിടുക്കി ഉഹുറു പീക്കിലെത്തിയത്.

ഏഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ അനയ, നീന്തലിലും അത്‌ലറ്റിക്സിലും ഒരുപോലെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. റഷ്യയിലെ എൽബ്രസ് കൊടുമുടിയാണ് ഇനി ഈ കൊച്ചു പർവ്വതാരോഹകയുടെ മുന്നിലുള്ള അടുത്ത ലക്ഷ്യം. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ ആത്മവിശ്വാസത്തോടെ മുന്നേറിയാൽ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് ഈ ഒൻപതുകാരി.

ENGLISH SUMMARY:

Mount Kilimanjaro summit was successfully achieved by nine-year-old Malayalee girl Anaya Ranjith, making her the youngest South Indian and Middle East girl to conquer the peak. Her inspiring journey showcases sheer determination and rigorous training, overcoming extreme weather conditions to plant the Tricolor flag at Uhuru Peak.