PTI Photo
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ അപ്രതീക്ഷിത സന്ദർശനത്തിന്‍റെയും സ്‌നേഹപ്രകടനത്തിന്‍റേയും ഞെട്ടലില്‍ നിന്ന് സേലം ജില്ലയിലെ ‘ചെല്ലം’ ഇതുവരെ മോചിതയായിട്ടില്ല. മേട്ടൂർ ജലവൈദ്യുത നിലയം സന്ദർശിച്ച് സേലം വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴിയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. വഴിയിൽ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന വയോധികരായ സ്ത്രീകളെ കണ്ട് വിജയ് വാഹനം നിർത്തി പുറത്തിറങ്ങി. തന്റെ മുൻപിലേക്ക് സന്തോഷത്തോടെ ഓടിയെത്തിയ ചെല്ലം എന്ന വയോധികയുടെ കൈപിടിച്ച് സംസാരിച്ച വിജയ്, താൻ ധരിച്ചിരുന്ന ആഡംബര സൺഗ്ലാസ് ഊരി അവർക്ക് ധരിപ്പിക്കുകയായിരുന്നു. ആദ്യം മടിച്ചെങ്കിലും വിജയ് നിർബന്ധിച്ച് സൺഗ്ലാസ് ധരിപ്പിച്ചു. വിജയ്‌യുടെ ഈ സിനിമാറ്റിക് സ്നേഹപ്രകടനവും സമ്മാനിച്ച സൺഗ്ലാസിന്‍റെ വിലയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
ഫ്രഞ്ച് ആഡംബര ബ്രാൻഡായ ക്രിസ്റ്റ്യൻ ഡിയോറിന്റെ (Christian Dior) സൺഗ്ലാസാണ് വിജയ് വയോധികയ്ക്ക് സമ്മാനിച്ചത്. ഫ്രാൻസിലെ പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ, ബ്യൂട്ടി ലേബലാണ് ക്രിസ്റ്റ്യൻ ഡിയോർ. ആഡംബര ഹാൻഡ്‌ബാഗുകൾ, വസ്ത്രങ്ങൾ, എക്‌സ്‌ക്ലൂസീവ് ആക്‌സസറികൾ എന്നിവയ്ക്ക് പേരുകേട്ട ബ്രാന്‍ഡ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിജയ് സൺഗ്ലാസ് നല്‍കുന്ന വിഡിയോയുടെ ഗൂഗിൾ ഇമേജ് തിരഞ്ഞപ്പോള്‍ ‘ഡിയോർടാഗ് എസ്‌യു ബ്ലാക്ക് റെക്ടാംഗുലർ സൺഗ്ലാസ്’ ആണിതെന്നാണ് സൂചന. ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഏകദേശം 40,000 രൂപ മുതൽ 46,000 രൂപ വരെ വിലയുള്ളതാണ് ഈ സൺഗ്ലാസുകള്‍.
ചതുരാകൃതിയിലുള്ള ഫ്രെയിമും തികച്ചും അർബൻ ആയ ലുക്കുമുള്ള ഡിസൈനാണ് ഡിയോർടാഗ് എസ്‌യു സൺഗ്ലാസുകളുടെ സവിശേഷത. കറുത്ത നിറത്തിലുള്ള നേർത്ത ഫ്രെയിമും, അതിനൊപ്പം വരുന്ന ക്രിസ്റ്റൽ-ടോൺ, സിൽവർ-ഫിനിഷ് മെറ്റൽ ഹാൻഡിലുകളും (temples) ഇതിന് ആകർഷകമായ ഭംഗി നൽകുന്നു. ഹാൻഡിലുകളിൽ നൽകിയിരിക്കുന്ന 'ക്രിസ്റ്റ്യൻ ഡിയോർ' സിഗ്നേച്ചറും ബ്ലൂ കളർ ലെൻസുകളും കൂടുതൽ ട്രെൻഡിയായ ഒരു കാഷ്വൽ സ്റ്റൈൽ പ്രദാനം ചെയ്യുന്നു. 100% UVA/UVB പ്രൊട്ടക്ഷൻ നൽകുന്ന ഈ സൺഗ്ലാസുകൾ ഫിൽട്ടർ കാറ്റഗറി 3 വിഭാഗത്തിൽപ്പെടുന്നവയാണ്. പ്രെസ്ക്രിപ്ഷൻ ലെൻസുകൾക്കും അനുയോജ്യമായ ഇവ ഇറ്റലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയെ നേരിട്ട് കണ്ടതും അദ്ദേഹം തന്റെ കണ്ണട ഊരി നൽകിയതും ഒരു സ്വപ്നം പോലെ തോന്നുന്നെന്ന് ചെല്ലം മാധ്യമങ്ങളോട് പറഞ്ഞു. ‘സിനിമയിൽ കാണുന്നത് പോലെ തന്നെയാണ് അദ്ദേഹം നേരിട്ടും. ഒരു കോടി രൂപ ലോട്ടറിടിച്ച സന്തോഷമാണ് എനിക്കുള്ളത്’ ചെല്ലം പറയുന്നു. ചെല്ലത്തിനോട് ഭക്ഷണം കഴിച്ചോ എന്ന് മുഖ്യമന്ത്രി അന്വേഷിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചില്ലെന്നും മുഖ്യമന്ത്രിയെ കാണാനായി കാത്തിരിക്കുകയായിരുന്നു എന്നും ചെല്ലം മറുപടി നൽകി. പിരിയുന്നതിന് മുൻപ് വേഗം പോയി ഭക്ഷണം കഴിക്കണമെന്ന് വിജയ് ചെല്ലത്തെ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയെ ഇത്രയും അടുത്ത് കിട്ടിയിട്ടും തന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ നഷ്ടപ്പെട്ട റേഷൻ കാർഡിന്റെ വിഷയം ഉന്നയിക്കാൻ വിട്ടുപോയതായി മാധ്യമങ്ങളോട് സംസാരിക്കവെ ചെല്ലം പറഞ്ഞു.
എന്തായാലും സൺഗ്ലാസ് ധരിച്ച മുഖ്യമന്ത്രിക്കൊപ്പം കൈകൾ ഉയർത്തി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന ചെല്ലത്തിന്‍റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ഇതോടെ വലിയ പ്രശംസയാണ് നെറ്റിസണ്‍സില്‍ നിന്നും വിജയ്‌ക്ക് ലഭിക്കുന്നത്.