Image: x.com/DrSJaishankar

നേപ്പാളിലെ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട തമിഴ്‌നാട് തീർഥാടകർക്ക് അദ്ഭുത രക്ഷ. കൈലാസ് മാനസസരോവർ തീർഥാടനത്തിന് പോയ സംഘമാണ് മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വൻതോതിൽ ചെളിയും പാറക്കല്ലുകളും കുത്തിയൊലിച്ചെത്തിയപ്പോൾ ഒരു കുന്നിന്‍ മുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു 21 അംഗ സംഘം. ചെന്നൈയിൽ തിരിച്ചെത്തിയ സംഘാംഗങ്ങൾ തങ്ങൾ നേരിട്ട നടുക്കുന്ന അനുഭവങ്ങളും അവിശ്വസനീയ നിമിഷങ്ങളും പങ്കുവെച്ചു.

കുമ്പകോണം ആസ്ഥാനമായുള്ള ട്രാവൽ ഏജൻസി വഴി മൂന്ന് ബസുകളിലായി സഞ്ചരിച്ചിരുന്ന 57 അംഗ സംഘത്തിലെ ഭാഗമായിരുന്നു ഇവർ. ഓഗസ്റ്റ് 26 ന്, സംഘം സയാബ്രുബേസിയിൽ നിന്ന് ചൈനീസ് ഇമിഗ്രേഷൻ പോയിന്റിലേക്ക് യാത്ര ചെയ്യുകയായിരുന്നു, പെട്ടെന്ന് ഭൂപ്രകൃതി മാറി. നേപ്പാൾ- ചൈന അതിർത്തിക്ക് സമീപമുള്ള റസുവ ജില്ലയിലൂടെ സഞ്ചരിക്കുമ്പോൾ പെട്ടെന്ന് വലിയ ബോംബ് സ്ഫോടനം പോലുള്ള ശബ്ദവും പിന്നാലെ ചെളിയും വെള്ളവും കുത്തിയൊലിച്ചെത്തുകയുമായിരുന്നുവെന്ന് സംഘം പറയുന്നു. 70-80 അടി ഉയരത്തില്‍ ചെളിയും വെള്ളവും നിറഞ്ഞു. അപായ സൂചന മനസ്സിലാക്കിയ നേപ്പാളി ഡ്രൈവർ ഉടൻ തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങി മുകളിലേക്ക് ഓടാൻ നിർദ്ദേശം നൽകുകയായിരുന്നു.

അവരുടെ പിന്നിൽ, റോഡ് അപ്രത്യക്ഷമായി. എങ്ങും ചെളിയും വെള്ളവും മാത്രം. രക്ഷപ്പെടുക എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു. ഡ്രൈവറുടെ വശത്തെ വാതിലിലൂടെ പുറത്തിറങ്ങിയ തീർത്ഥാടകർ കുത്തനെയുള്ള കുന്നിലേക്ക് കയറാൻ ശ്രമിച്ചു. എന്നാല്‍ ചെളി നിറഞ്ഞ കയറ്റം കയറ്റത്തിനിടെ പലരും വഴുതിവീണു.

പ്രായമായ സ്ത്രീകൾക്ക് ചെളി നിറഞ്ഞ കുന്നിലേക്ക് കയറാൻ സാധിക്കാതെ വന്നതോടെ, നേരത്തെ മുകളിലെത്തിയ പൂങ്കൊടി എന്ന സ്ത്രീ ധരിച്ചിരുന്ന സാരി അഴിച്ച് താഴേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. ആ സാരി രക്ഷയ്ക്കുള്ള കയറായി. ഈ സാരിയിലും സമീപത്തുണ്ടായിരുന്ന കേബിളിലും പിടിച്ച് ഓരോരുത്തരായി മുകളിലേക്ക് കയറി. കൂട്ടത്തിലുള്ള ഒരു സ്ത്രീയെയാകട്ടെ അരയിൽ സാരി കൂട്ടിക്കെട്ടി മുകളിലുള്ളവർ വലിച്ച് കയറ്റുകയായിരുന്നു. മയിലെടുത്തുറൈ സ്വദേശികളായ രത്നകുമാർ, ഭാര്യ പൂങ്കുഴലി എന്നിവരാണ് ഈ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. താന്‍ മുകളിലെത്തിയെങ്കിലും മറ്റുള്ളവരെ സഹായിക്കാന്‍ രത്നകുമാർ വീണ്ടും താഴേക്കിറങ്ങുകയായിരുന്നു. തുടര്‍ന്ന് അപകടത്തിൽപ്പെട്ട മറ്റ് സ്ത്രീകളെ ഓരോരുത്തരെയായി വലിച്ച് കയറ്റാൻ സഹായിച്ചു. ശിവഭഗവാവാന്‍റെ അനുഗ്രഹവും ആ സമയത്ത് തോന്നിയ ബുദ്ധിയുമാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്ന് തീര്‍ഥാടകര്‍ പറയുന്നു.

മുകളിലെത്തിയ സംഘം നേപ്പാൾ ആംഡ് പൊലീസ് ഫോഴ്‌സ് ക്യാമ്പിലെത്തുകയും അവിടെ നിന്ന് അടിയന്തര ഭക്ഷണവും വെള്ളവും ലഭിക്കുകയും ചെയ്തു. തുടർന്ന് വനപാതകളിലൂടെ മണിക്കൂറുകളോളം നടന്ന് ഹെലികോപ്റ്റർ മാർഗ്ഗം കാഠ്മണ്ഡുവിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും തമിഴ്‌നാട് സഭക്കാരന്‍റെയും ഇന്ത്യൻ എംബസിയുടെയും ശ്രമഫലമായാണ് ഇവർ ചെന്നൈയിൽ തിരിച്ചെത്തിയത്. പാസ്‌പോർട്ടും രേഖകളും നഷ്ടപ്പെട്ട ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് തമിഴ്‌നാട് സർക്കാരും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അറിയിച്ചു.

ENGLISH SUMMARY:

A 21-member group of Tamil Nadu pilgrims returning from the Kailash Manasarovar Yatra miraculously survived a flash flood and landslide in Nepal's Rasuwa district. Trapped near the Nepal-China border on August 26, the pilgrims managed to climb a steep hill to safety. When elderly women struggled to scale the muddy slope, a fellow pilgrim named Poongodi threw down her saree, which was used as a lifeline to pull 21 people to safety. Led by Mayiladuthurai native Rathnakumar and his wife Poonguzhali, the group reached a Nepal Armed Police Force camp before being evacuated by helicopter to Kathmandu and repatriated to Chennai with support from the Ministry of External Affairs and the Tamil Nadu government.