Image: ANI

Image: ANI

ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്‍റെ പാര്‍ലമെന്‍റ്  ലുക്ക് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോളിതാ പാർലമെന്റിന്‍റെ മൺസൂൺ സമ്മേളനത്തിനിടെ സിംപിള്‍ സാരിയില്‍ എത്തിയ കങ്കണയുടെ ദൃശ്യങ്ങളാണ് വൈറല്‍. സാരികൊണ്ട് മാത്രമല്ല, മറിച്ച് സിംപിളായ സാരിക്കൊപ്പം ഉപയോഗിച്ച വിലകൂടിയ ആക്‌സസറികൾ കൊണ്ടാണ് കങ്കണ ശ്രദ്ധപിടിച്ചു പറ്റിയത്.

കഴിഞ്ഞ ദിവസം മഴയത്ത് കുടയും ചൂടി കറുത്ത ഹാൻഡ്ബാഗുമായാണ് കങ്കണ പാര്‍ലമെന്‍റില്‍ എത്തിയത്. വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ഇളം നീല നിറത്തിലുള്ള പരമ്പരാഗത ഏരി സിൽക്ക് സാരിയായിരുന്നു വേഷം. വെളുത്ത നിറത്തിലുള്ള ലളിതമായ ബോർഡറാണ് സാരിക്ക് നൽകിയിരിക്കുന്നത്. ഒപ്പം ലളിതമായ വെള്ള ബ്ലൗസും ധരിച്ച് തികച്ചും പരമ്പരാഗത ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഒപ്പമുണ്ടായിരുന്ന ആഡംബര വസ്തുക്കള്‍ സാരിയിലെ ആഢംബരത്തിന്‍റെ കുറവ് നികത്തി.

കണ്ടാല്‍ ലളിതം എന്ന് തോന്നുമെങ്കിലും ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന കറുത്ത ടോഗോ ലെതർ ഹെർമേസ് ബിർകിൻ ഹാൻഡ്‌ബാഗുമായാണ് താരം എത്തിയത്. അതായത് ആഗോളതലത്തിൽ ഏറ്റവും വിലകൂടിയ ആഡംബര ബാഗുകളിൽ ഒന്ന്. ബാഗില്‍ മാത്രം ഒതുങ്ങുന്നതല്ല എംപിയുടെ ആഢംബരം. കങ്കണ ധരിച്ചിരുന്ന ചോക്ലേറ്റ് ബ്രൗൺ ഡയലിലുള്ള റോലെക്സ് ലേഡി-ഡേറ്റ്‌ജസ്റ്റ് വാച്ചിന് ഏകദേശം 21 ലക്ഷം രൂപയാണ് വില വരുന്നത്. എന്തിനേറെ പറയുന്നു കയ്യിലുള്ള ‘ഗുഡ് എർത്ത്’ ബ്രാന്‍ഡിന്‍റെ മനോഹരമായ കുടയ്ക്കുണ്ട് ഏകദേശം 6,100 രൂപ വില.

ഇന്ത്യൻ പരമ്പരാഗത കൈത്തറിയുടെ മനോഹാരിതയും ലാളിത്യവും ഒപ്പം രാജ്യാന്ത ബ്രാൻഡുകളുടെ ആഡംബരവും ഒരുമിച്ച കങ്കണയുടെ ലുക്ക് വളരെ പെട്ടെന്ന് തന്നെ വൈറലായി. കങ്കണയുടെ സിഗ്നേച്ചര്‍ ലുക്ക് എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. എങ്കിലും ബാഗും വാച്ചും മാത്രമായി ഏകദേശം 56 ലക്ഷം രൂപയോളം വിലവരുന്ന ആഡംബര വസ്തുക്കൾ ഉപയോഗിച്ചതിനെക്കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ- ഫാഷൻ ലോകത്ത് സജീവമായിട്ടുണ്ട്. മുൻപും രാഷ്ട്രീയ നേതാക്കളുടെ ആഡംബര ബാഗുകളും ഫാഷൻ തിരഞ്ഞെടുപ്പുകളും ഇത്തരത്തില്‍ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ENGLISH SUMMARY:

During the monsoon session of Parliament, Bollywood actress and BJP MP Kangana Ranaut turned heads by wearing a simple light blue Eri silk sari from Northeast India. However, her choice of high-end accessories stole the spotlight, featuring a luxury black Togo leather Hermès Birkin handbag valued at approximately Rs 35 lakh. She paired the traditional six yards with a chocolate-brown dialed Rolex Lady-Datejust watch worth around Rs 21 lakh and a Good Earth umbrella. The combination of traditional Indian handloom and multi-lakh luxury brands quickly went viral, sparking widespread discussions online about political fashion.