Image: Instagram
ആഭരണങ്ങളില്ലാതെ വിവാഹ മണ്ഡപത്തിലേക്കെത്തിയ വധു, സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ് ഇന്‍ഫ്ലുവന്‍സറായ ഹര്‍ഷ പാത്തു. കഴിഞ്ഞ ദിവസമായിരുന്നു ഹര്‍ഷയുടെ വിവാഹം. നസിം മുഹമ്മദ് ആണ് വരന്‍. എന്നാല്‍ വിവാഹ വേഷത്തില്‍, ആഭരണങ്ങളില്ലാതെ... മെഹന്തിയണിയാതെ എത്തിയ ഹര്‍ഷയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. പിന്നാലെ അഭിനന്ദന പ്രവാഹമാണ്.
ആഡംബരങ്ങളുടെ പകിട്ടല്ല, മറിച്ച് ലാളിത്യത്തിന്റെ മനോഹാരിതയാണ് ഒരു വിവാഹത്തെ അർഥപൂർണ്ണമാക്കുന്നത് എന്ന് ദൃശ്യങ്ങള്‍ പങ്കിട്ട് സോഷ്യല്‍ ലോകം ഒന്നടങ്കം പറയുന്നു. റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണമെത്തിയിട്ടും നൂറും ഇരുന്നൂറും പവൻ സ്വർണ്ണവും ആഡംബരങ്ങളുമായി വിവാഹം ആഘോഷമാക്കാൻ മത്സരിക്കുന്നവര്‍ക്ക് മുന്നില്‍ ഹര്‍ഷ മാതൃകയാകുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇനി അങ്ങോട്ട് ഇതാകട്ടെ ട്രെന്‍ഡെന്നും ധാരാളം പേര്‍ കുറിച്ചു. ഹര്‍ഷയ്ക്കും നസിം മുഹമ്മദിനും വിവാഹാശംസകളോടൊപ്പം അഭിനന്ദന പ്രവാഹമാണ്.
വിവാഹ ദൃശ്യങ്ങളില്‍ മെറൂൺ നിറത്തിലുള്ള വെൽവെറ്റ് സാരിയില്‍ അതീവ സുന്ദരിയായ ഹര്‍ഷയെ കാണാം. സാരിയുടെ ബോർഡറുകളിലും കൈകളിലും നൽകിയിരിക്കുന്ന എംബ്രോയിഡറി വർക്കുകൾ വസ്ത്രത്തിന് റോയൽ ഫീൽ നൽകുന്നുണ്ട്. ഒപ്പം അതേ നിറത്തിലുള്ള വെയിൽ (veil) വസ്ത്രത്തിന് കംപ്ലീറ്റ് വെഡിങ് ലുക്കും നൽകുന്നു. ഹര്‍ഷയുടെ വസ്ത്രത്തിന് തികച്ചും അനുയോജ്യമായ രീതിയിൽ വളരെ ലളിതവും എന്നാൽ സ്റ്റൈലിഷുമായ കറുത്ത നിറത്തിലുള്ള സ്യൂട്ടിലായിരുന്നു നസിം എത്തിയത്. എന്തായാലും ഈ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു.
മലപ്പുറത്തു നിന്നുള്ള ഇന്‍സ്റ്റഗ്രാം ക്രിയേറ്ററാണ് ഹര്‍ഷ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്നതിലുപരി, ചിത്രകാരിയും മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെന്ന ആര്‍ട്ടിസ്റ്റുമാണ് ഹര്‍ഷ. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ ഹര്‍ഷയ്ക്കുള്ളത്. അപരിചിതര്‍ക്ക് സമ്മാനമായി അവരുടെ ചിത്രങ്ങള്‍ വരച്ച് നല്‍കിയും ഹര്‍ഷ സോഷ്യല്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.