'ലബൂബു'വിനെ ഓര്‍മയില്ലേ? കൂര്‍ത്ത പല്ലുകള്‍ പുറത്ത് കാട്ടി വില്ലന്‍ ചിരി ചിരിക്കുന്ന ക്യൂട്ടായ പാവക്കുട്ടി. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ ചൈനീസ് പാവക്കുട്ടിയെ ഏറ്റെടുത്തു. ട്വിങ്കിള്‍ ഖന്ന, അനന്യ പാണ്ഡെ തുടങ്ങിയ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ മുതല്‍ ലിസ, കിം കര്‍ദിഷിയാന്‍, ഡുവാ ലിപ, റിഹാന വരെയുള്ള ഇന്‍റര്‍നാഷണല്‍ താരങ്ങള്‍ വരെ 'ലബൂബു'വിനെ ബാഗില്‍ തൂക്കി. എന്നാല്‍ 'ലബൂബു'വിന് പുതിയ എതിരാളി എത്തിയിരിക്കുകയാണ്, അതും ജപ്പാനില്‍ നിന്നും. 2 026ലെ പുതിയ ട്രെന്‍ഡ് 'മിറുമി' ആണ്. എന്താണ് 'മിറുമി'? എന്തൊക്കെയാണ് ഈ പാവക്കുട്ടിയുടെ പ്രത്യേകതകള്‍.
ജപ്പാനില്‍ നിന്നുമാണ് 'ലബൂബു'വിനെ എതിരാളി എത്തിയിരിക്കുന്നത്. ബാഗുകളിൽ തൂക്കിയിടാവുന്ന ഈ കൊച്ചു റോബോട്ട് പാവയെ പലരും '2026-ലെ ലബൂബു' എന്നാണ് വിശേഷിപ്പിക്കുന്നത്. ടോക്കിയോ ആസ്ഥാനമായുള്ള യുകായ് എൻജിനീയറിങ് വികസിപ്പിച്ചെടുത്ത ഒരു 'ചാം റോബോട്ട്' ആണ് മിറുമി. 'മിരു' (നോക്കുക), 'നുയിഗുരുമി' (പാവ) എന്നീ ജാപ്പനീസ് വാക്കുകളിൽ നിന്നാണ് പാവയ്ക്ക് ഈ പേര് വന്നത്.
'ലബൂബു'വിനെ പോലെ വെറുതെ ബാഗില്‍ തൂങ്ങിയാടുകയല്ല, അതിലുമുപരിയാണ് 'മിറുമി'. ഒരു കുഞ്ഞിനോടെന്ന പോലെ നമുക്ക് മിറുമിയോട് ഇടപഴകാനാകും. ഇതിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകൾ ഉപയോഗിച്ച് 'മിറുമി'ക്ക് ചുറ്റുമുള്ള കാര്യങ്ങളോട് പ്രതികരിക്കാൻ കഴിയും. നാം അരികിലേക്ക് ചെല്ലുമ്പോൾ തല ചരിക്കാനും, സ്പർശിക്കുമ്പോൾ പ്രതികരിക്കാനും 'മിറുമി'ക്ക് സാധിക്കും. പെട്ടെന്ന് ആരെങ്കിലും അടുത്തേക്ക് വന്നാൽ നാണത്തോടെ മുഖം മാറ്റും, ബാറ്ററി തീര്‍ന്നാല്‍ തലയാട്ടും, ആ രീതിയിലാണ് ഇതിന്‍റെ നിര്‍മാണം.
മൃദുവായ രോമങ്ങളുള്ള ഒരു കരടി കുട്ടിയുടെയോ യതിയുടെയോ ക്യൂട്ടായ മിനി പതിപ്പാണ് 'മിറുമി'. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ഇൻഫ്ലുവൻസറുകൾക്കിടയിൽ ഈ റോബോട്ട് പാവ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. വെറുമൊരു പാവ എന്നതിലുപരി ഉടമസ്ഥന്‍റെ സാന്നിധ്യത്തോട് പ്രതികരിക്കുന്നതിനാൽ ആളുകൾക്ക് 'മിറുമി'യോട് കൂടുതൽ വൈകാരികമായ അടുപ്പം തോന്നുന്നു.
പക്ഷേ അത്ര എളുപ്പത്തിലൊന്നും 'മിറുമി'യെ സ്വന്തമാക്കാം എന്ന് വിചാരിക്കണ്ട. താരം ഇതുവരെ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങിയിട്ടില്ല. കിക്ക്സ്റ്റാർട്ടർ ക്രൗഡ് ഫണ്ടിങ് കാമ്പെയ്‌നിലൂടെ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. 18,360 ജാപ്പനീസ് യെൻ (ഏകദേശം 11,000 ഇന്ത്യൻ രൂപ) ആണ് 'മിറുമി'യുടെ വില. ജനുവരി 21 മുതൽ 'മിറുമി'യുടെ പ്രീ-ഓർഡറുകൾ ആരംഭിക്കും. ഏപ്രിൽ അല്ലെങ്കിൽ മെയ് 2026 ഓടെ ഇത് ആഗോള വിപണിയിൽ ലഭ്യമായിത്തുടങ്ങും. തുടക്കത്തിൽ പിങ്ക്, ബീജ്, ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് 'മിറുമി' എത്തുന്നത്.
'ലബൂബു' ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റായിരുന്നുവെങ്കില്‍, 'മിറുമി' അതിനെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ഇമോഷണല്‍ ടെക് ട്രെന്‍ഡാണ്. വെറുമൊരു ബാഗ് ആക്‌സസറിയല്ല, ക്യൂട്ടായ കൂട്ടുകാരന്‍ തന്നെയാണ്. 2026-ല്‍ ഫാഷനും ടെക്‌നോളജിയും ഒപ്പം വികാരങ്ങളും ഒരുമിക്കുന്ന പുതിയ ട്രെന്‍ഡ് സൃഷ്ടിക്കാനാണ് ഈ ജാപ്പനീസ് റോബോട്ട് പാവയുടെ വരവ്. ഈ വര്‍ഷത്തെ ചര്‍ച്ചകളില്‍ മുന്‍നിരയില്‍ തന്നെ ‘മിറുമി’ ഉണ്ടാകുമെന്നതില്‍ സംശയമില്ല.