Fatima Bosch of Mexico gestures as she is crowned Miss Universe 2025 during the 74th Miss Universe pageant in Bangkok, Thailand, November 21, 2025. REUTERS/Chalinee Thirasupa
മെക്സിക്കോയുടെ ഫാത്തിമ ബോസ് വിശ്വസുന്ദരി. വിഡ്ഢിയെന്ന് പരസ്യമായി ആക്ഷേപിക്കപ്പെട്ട അതേയിടത്തിലാണ് വിശ്വസുന്ദരിപ്പട്ടം ചൂടി ഫാത്തിമ മടങ്ങുന്നത്. 'പുതിയ വിശ്വസുന്ദരിക്ക് അഭിനന്ദനങ്ങള്‍. ഈ രാത്രിയില്‍ ഒരു നക്ഷത്രം പിറന്നിരിക്കുന്നു. ആ നക്ഷത്രത്തിന്‍റെ ശോഭയും കരുത്തും പ്രസരിപ്പും ലോകത്തിന്‍റെ ഹൃദയം കവര്‍ന്നിരിക്കുന്നു. പുതിയ രാജ്ഞിയായി അവളെ അവരോധിക്കുന്നതില്‍ ഞങ്ങള്‍ക്കേറ്റവും സന്തോഷമുണ്ട്. ഭൂമിയെ കൂടുതല്‍ പ്രഭയാര്‍ന്നതാക്കാന്‍ ഈ താരത്തിന് കഴിയട്ടെ' എന്നായിരുന്നു ഫാത്തിമയെ വിശ്വസുന്ദരിയായി പ്രഖ്യാപിച്ചുള്ള കുറിപ്പില്‍ എഴുതിയിരുന്നത്. തായ്ലന്‍ഡിന്റെ പ്രവീണാര്‍ സിങ്, വെനസ്വേലയുടെ സ്റ്റെഫാനി അബസായ്, ഫിലിപ്പൈന്‍സിന്‍റെ മാ അതിസ മനാലോ, ഒലിവിയ യാസ് എന്നിവരാണ് ഒന്നുമുതല്‍ നാലുവരെയുള്ള റണ്ണര്‍അപ്പുകള്‍.
Mexico Fatima Bosch competes during the final round of the 74th Miss Universe Beauty Pageant in Nonthaburi province, Thailand, Friday, Nov. 21, 2025. (AP Photo/Sakchai Lalit)
തായ്ലന്‍ഡിനെ സമൂഹമാധ്യമപ്പോസ്റ്റുകളിലൂടെ പ്രമോട്ട് ചെയ്യാന്‍ വിസമ്മതിച്ചതോടെ മിസ് യൂണിവേഴ്സ് തായ്ലന്ഡ് നാഷനല്‍ ഡയറക്ടര്‍ നവാത് , ഫാത്തിമയെ വിഡ്ഢിയെന്ന് പരസ്യമായി അധിക്ഷേപിച്ചിരുന്നു. എന്തുകൊണ്ടാണ് താനപ്രകാരം ചെയ്യാത്തതെന്ന് വിശദീകരിച്ച ഫാത്തിമ, പിന്നാലെ സൗന്ദര്യ മല്‍സരത്തിന്‍റെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ മല്‍സരത്തില്‍ പങ്കെടുക്കണമെന്നുള്ളവര്‍ക്ക് ഇരിക്കാമെന്ന് നവാത് പറഞ്ഞു. പിന്നാലെ സഹ മല്‍സരാര്‍ഥികളും വേദി വിട്ട് ഇറങ്ങിപ്പോയി. സംഭവത്തില്‍ നവാത് മാപ്പുപറഞ്ഞതോടെയാണ് മല്‍സരാര്‍ഥികള്‍ മടങ്ങിയെത്തിയതും പരിപാടി നടന്നതും.
ആരാണ് ഫാത്തിമ ബോസ്?
കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി പൊരുതുന്ന മിടുക്കിയായ ഫാഷന്‍ ഡിസൈനറാണ് ഫാത്തിമ. യുഎസിലും ഇറ്റലിയിലുമായി പഠനം പൂര്‍ത്തിയാക്കി. കുട്ടിക്കാലത്ത് തന്നെ ഡിസ്ലക്സിയയും എഡിഎച്ച്ഡിയും ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും മുന്നോട്ടുള്ള യാത്രയില്‍ വിഘാതം സൃഷ്ടിക്കാന്‍ വൈകല്യങ്ങളെ ഫാത്തിമ അനുവദിച്ചില്ല. വെല്ലുവിളികളെ അതിജീവിച്ച ഫാത്തിമ ടബാസ്കോയില്‍ നിന്നുള്ള ആദ്യ മിസ് മെക്സിക്കോ ആയി. അവിടെ നിന്നാണ് വിശ്വസുന്ദരിപ്പട്ടത്തിലെത്തി നില്‍ക്കുന്നത്.
വിശ്വസുന്ദരിക്ക് എത്ര രൂപകിട്ടും?
രണ്ടരക്കോടിയോളം രൂപയാണ് ഫാത്തിമയ്ക്ക് സമ്മാനമായി ലഭിക്കുക. ഇതിന് പുറമെ പ്രതിമാസം 44 ലക്ഷം രൂപയോളം ശമ്പളമായും ലഭിക്കും. മിസ് യൂണിവേഴ്സ് എന്ന പദവിയിലിരിക്കെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും യാത്രാച്ചെലവുകള്‍ക്കുമായാണ് ഈ തുക. ഒപ്പം ന്യൂയോര്‍ക്ക് നഗരത്തില്‍ അതിമനോഹരമായ വീടും. 2026 ല്‍ അടുത്ത വിശ്വസുന്ദരിയെ പ്രഖ്യാപിക്കുന്നത് വരെ ഫാത്തിമയ്ക്ക് വിശ്വസുന്ദരിയുടെ കിരീടവും സൂക്ഷിക്കാം. കിരീടത്തിന് മാത്രം 44 കോടിയിലേറെ രൂപയാണ് വില വരുന്നത്. വിശ്വസുന്ദരിപ്പട്ടം നേടുന്ന നാലാമത്തെ മെക്സിക്കക്കാരിയാണ് ഫാത്തിമ. ആന്‍ഡ്രിയ മെസ (2020) സിമേന നവാര്‍ത് (2010) ലുപിത ജോണ്‍സ് (1991) എന്നിവരാണ് മറ്റുള്ളവര്‍.