genzgirls

TOPICS COVERED

കാഴ്ചയിൽ പെർഫെക്റ്റ് ആയിരിക്കാൻ ആവശ്യപ്പെടുന്ന സൊസൈറ്റിക്ക് മുന്നിൽ ഒരൽപം ലേസി ലുക്കിൽ വരുന്നവര്‍. ബാഗി ടീഷർട്ടുകളും ഹൂഡികളുമൊക്കെയാണ് അവര്‍ക്ക് കൂടുതല്‍ താല്‍പര്യം. ഇമേജുകളിലൊന്നും വിശ്വാസിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ജെൻ സി പെൺകുട്ടികൾ. ലേസി ഗേൾ ലുക്ക് ജെൻ സി ഗേള്‍സ് ട്രെൻഡാക്കുകയാണ്. പറയുംപോലെ ഇത് അവരുടെ കാലം!

ലുക്ക് കണ്ട് നമ്മുടെ ജെൻ സി പിള്ളേരെ മടിച്ചികളെന്നു വിളിക്കണ്ടേ. കാരണം, തേച്ചു മിനുക്കിയ വസ്ത്രങ്ങളും പാറിപ്പറക്കാത്ത മുടിയും പെർഫെക്റ്റ് മേക്കപ്പും അവര്‍ക്ക് ഇഷ്ടമല്ലാത്തതുകൊണ്ടാണ്. കാഴ്ചയിൽ വൃത്തി വേണമെന്ന് വാശിപിടിക്കുന്ന ഒരു ക്ലീൻ ഗേൾ ലുക്കില്‍ കക്ഷികള്‍ക്ക് ഒട്ടും ഇന്‍ററസ്റ്റില്ല. അലസമായ ഫാഷൻ പിന്തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഒറ്റനോട്ടത്തിൽ അൽപം ക്ഷീണം തോന്നിപ്പിക്കുന്ന ലേസി ഗേൾ അഥവാ ടയേര്‍ഡ് ഗേള്‍ ലുക്കിനോടാണ് ജെൻ സിക്ക് പ്രിയം. കേവലം ഉടുത്തു കെട്ടലുകളുടെ പകിട്ടില്‍ അവര്‍ അഭിരമിക്കാറില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

കണ്ണിനടിയിലെ കറുപ്പ് മറച്ച് പൊതുയിടങ്ങളിൽ പ്രത്യക്ഷ്യപ്പെടാനോ, പാറിപ്പറക്കുന്ന മുടി ഹെയർ ജെൽ തേച്ച് ഒതുക്കി വയ്ക്കാനോ ജെൻ സി പിള്ളേരെ കിട്ടില്ല. അവര്‍ക്കിഷ്ടം അലങ്കോലമായ ബൺ ഹെയർ സ്റ്റൈലും, അവരേക്കാൾ ഇരട്ടി വലുപ്പമുള്ള ഹൂഡികളുമൊക്കെയാണ്. ക്ലീൻ ഗേൾ ട്രെൻഡിനെ ആരാധിച്ചിരുന്നവരെ പാടെ നിരാശരാക്കുന്നതാണ് ലേസി ഗേൾ ട്രെൻഡ്. വസ്ത്രം കണ്ട് ആളെ അളക്കാന്‍ നിൽക്കുന്നവരോട് തർക്കിക്കാനൊന്നും ജെൻ സി പെണ്‍കുട്ടികള്‍ക്ക് തീരെ താൽപര്യമില്ല. മുൻവിധിയോടെ സമീപിക്കുന്നവര്‍ ഓര്‍ക്കുക, ഇത് ജെൻ സി ഗേള്‍സിന്‍റെ വളരെ കംഫര്‍ട്ടായ ലേസി ഗേള്‍ ട്രെന്‍ഡാണ്. 

ഒട്ടും തയാറെടുപ്പുകള്‍ കൂടാതെ അലസമായി പുറത്തിറങ്ങാൻ അനുവദിക്കുന്നു എന്നതാണ് ലേസി ഗേൾ ട്രെൻഡിനെ ജെൻ സി ചേർത്തുപിടിക്കാൻ കാരണം. മുഖം മിനുക്കാനും പുറത്തിറങ്ങാനുമൊന്നും മണിക്കൂറുകളുടെ ഇന്‍വെസ്റ്റുമെന്‍റ് ഇവിടെ ആവശ്യമില്ല. അവനവൻ ആയിരിക്കുന്ന അവസ്ഥയെ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർ ലേസി ഗേൾ ട്രെൻഡിന്‍റെ ആരാധകരാകുമെന്ന് ജെന്‍ സി പറയുന്നു. യാഥാർഥ്യങ്ങളെ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ജെൻ സി തലമുറ മുന്നോട്ട് വയ്ക്കുന്ന ട്രെന്‍ഡില്‍ മുന്‍ തലമുറയും ആകിര്‍ഷ്ടരാവുന്നുണ്ട്. അതുകൊണ്ട് ക്ഷീണിച്ച ലുക്കിലുള്ള ഒരു പെൺകുട്ടിയെ കണ്ടാൽ അവൾ ഭൂലോക മടിച്ചിയാണെന്ന് ഇനി ആരും വിലയിരുത്തേണ്ട... വിലയിരുത്തിയാലും Who Cares...!!

ENGLISH SUMMARY:

Lazy girl look is a trending aesthetic among Gen Z girls who prioritize comfort and authenticity. This fashion trend embraces effortless style, rejecting the pressure to conform to perfect appearances.