ആഡംബര ഫാഷൻ ബ്രാൻഡായ 'പ്രാഡ' പുറത്തിറക്കിയ സേഫ്റ്റി പിന്നിന്‍റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ഫാഷന്‍ ലോകം. ഏകദേശം 69,000 രൂപ വിലയുള്ള ഒരു 'ക്രോഷെ സേഫ്റ്റി പിൻ ബ്രൂച്ച്' ആണ് പ്രാഡ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി പാക്കറ്റിന് 10 മുതല്‍ 20 രൂപയ്ക്ക് വരെയാണ് പ്രാദേശിക വിപണികളിൽ സേഫ്റ്റി പിന്‍ ലഭിക്കുന്നത്.
സാധാരണ മെറ്റൽ സേഫ്റ്റി പിന്നുമായി താരതമ്യം ചെയ്യുമ്പോള്‍ വർണാഭമായ ക്രോഷെ നൂലും, പ്രാഡയുടെ ലോഗോയുമാണ് ഈ ബ്രൂച്ചിനുള്ള പ്രത്യേകത. യുഎസ് ഡോളറിൽ ഇതിന്റെ വില 775 ഡോളറാണ് (ഏകദേശം 68,758 രൂപ). രണ്ടു നിറങ്ങളിലുള്ള ത്രെഡ് ഉപയോഗിച്ച് ഒരുക്കിയ പാറ്റേൺ സ്വർണ്ണ നിറത്തിലുള്ള പിന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തവിട്ട് - നീല, പിസ്താ ഗ്രീൻ - ബേബി പിങ്ക്, ഓറഞ്ച് - തവിട്ട് എന്നീ മൂന്ന് വ്യത്യസ്ത കോമ്പിനേഷനുകളിലുള്ള ബ്രൂച്ചുകൾ പുറത്തിറക്കിയിട്ടുണ്ട്
പ്രാഡയുടെ പുതിയ പ്രൊഡക്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുയാണ്. തങ്ങളുടെ മുത്തശ്ശിമാര്‍ ഇതിലും ഭംഗിയായി ക്രോഷെ ചെയ്ത ബ്രൂച്ച് തയാറാക്കുമെന്നാണ് ചിലര്‍ കുറിച്ചത്. ആഡംബര ബ്രാൻഡുകൾ തങ്ങളെ ട്രോളുകയാണോ അതോ മനഃപൂർവ്വം ഇത്തരം അസംബന്ധമായ വിലകൾ നൽകി ഉപഭോക്താക്കളെ പ്രകോപിപ്പിക്കുകയാണോ എന്നും ഒരാള്‍ ചോദിച്ചു.സാധാരണ വസ്തുവിനെ ആഡംബര ബ്രാൻഡിന്റെ ലേബലിൽ അമിത വിലയ്ക്ക് വിൽക്കുന്നതിനെ വിമര്‍ശിച്ചും കമന്‍റുകളുണ്ട്.
നാലു ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയര്‍ന്നതോടെ നിലവിൽ ബ്രൂച്ച് വാങ്ങാനുള്ള പ്രാഡയുടെ ലിങ്ക് പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടുകളുണ്ട്. മുന്‍പ് ഇത്തരത്തില്‍ ഏകദേശം 9000 രൂപയുടെ പേപ്പർ ക്ലിപ്പ് പുറത്തിറക്കിയ 'ഗൂച്ചി'യും 70,000 രൂപയുടെ ടവ്വൽ പാവാട പുറത്തിറക്കിയ 'ബാലെൻസിയാഗ'യും സമാനവിമര്‍ശനം നേരിട്ടിരുന്നു.