രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കോടികളില്‍ ഒരു ഭാഗം ഒരുങ്ങുന്നത് തിരുവനന്തപുരം കോവളം പെരിങ്ങമലയിലാണ്. അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ ജെയ്ക്കിഷ് കൈത്തറി സൊസൈറ്റിയാണ് പൂര്‍ണമായും കൈകൊണ്ട് തയാറാക്കുന്ന ഓണക്കോടി ഒരുക്കുന്നത്.
രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇത്തവണ കേരളത്തിന്‍റെ ഓണക്കോടി കളര്‍ഫുളാണ്. സ്വർണ നിറത്തിൽ ചുവപ്പ് ഡിസൈനിലുള്ള അതി മനോഹരമായ കസവ് സാരി. മുന്താണിയിൽ ഇലകൊണ്ടുള്ള അത്തം ഡിസൈൻ. ജെയ്ക്കിഷ് സൊസൈറ്റിയിലെ നെയ്ത്തു കലാകാരനായ രവീന്ദ്രനാണ് മനോഹരമായ സാരിക്ക് പിന്നിൽ.
സ്വർണ നിറത്തിൽ ചെക്ക് ഡിസൈനിലുള്ള കസവ് ടിഷ്യു കൊണ്ടുള്ള പൊന്നാടയാണ് പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നത്. വിജയയെന്ന നെയ്ത്തു കലാകാരന്‍റെ കരവിരുതില്‍ വിരിഞ്ഞതാണ് പ്രധാനമന്ത്രിക്കുളള ഓണസമ്മാനം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് പച്ചയിൽ ഗോൾഡൻ ഡിസൈനുള്ള സാരിയാണ് നെയ്തെടുത്തത്. നെയ്ത്തു കലാകാരി സ്റ്റെല്ലയാണ് സാരി അണിയിച്ചൊരുക്കിയത്.
വിവിധ കേന്ദ്രമന്ത്രിമാർക്ക് ഉൾപ്പെടെ കേരളം സമ്മാനിക്കുന്ന ഓണക്കോടികളുടെ അവസാന വട്ട ഒരുക്കങ്ങളിലാണ് ജെയ്ക്കിഷ് സൊസൈറ്റിയിലെ നെയ്ത്തുകാര്‍. കഴിഞ്ഞ മൂന്നു വർഷമായി വിവിഐപികള്‍ക്ക് ഇവിടെ ഓണക്കോടി തയാറാക്കുന്നുണ്ട്. കൈത്തറി ഡയറക്ടറേറ്റ് നൽകിയ ഓർഡർ അനുസരിച്ചാണ് നിർമാണം. വിഐപികള്‍ക്ക് മാത്രമല്ല ഏത് സാധാരണക്കാര്‍ക്കും നേരിട്ടെത്തി ഇഷ്ട ഡിസൈനുകളില്‍ ഓര്‍ഡര്‍ നല്കാനും വാങ്ങാനുമൊക്കെ ഇവിടെ സൗകര്യമുണ്ട്.