പ്രാഡയുടെ കോപ്പിയടിയിൽ വീണ്ടും ട്രെൻഡായി, ഫാഷൻ പ്രേമികളുടെ കാലുകളിലേക്ക് ഓടിക്കയറി കോലാപുരി ചെരുപ്പുകൾ. യുവാക്കൾക്കിടയിൽ വലിയ ഡിമാൻഡ് ആണ് ചെരുപ്പിന് ഇപ്പോൾ. 300 രൂപ മുതൽ തുടങ്ങുന്നു കോലാപുരിയുടെ വില.
പണ്ടേ നാട്ടിൽ ഹിറ്റാണ് കോലാപുരി. പക്ഷേ ട്രെൻഡുകൾ മാറിമാറി പുതിയ ബ്രാൻഡുകളിലേക്ക് ആളുകൾ പോയതോടെ കോലാപുരിക്ക് ചെറിയൊരു ക്ഷീണമൊക്കെ ഉണ്ടായി. അപ്പോഴാണ് പ്രാഡയുടെ വരവ്. കോലാപുരി മാതൃകയിൽ ചെരുപ്പുകളുമിട്ട് പ്രാഡയുടെ മോഡലുകൾ ഫാഷൻ ഷോയിൽ എത്തിയതോടെ കോലാപുരി വാർത്തകളിൽ നിറഞ്ഞു. ഇത് കോപ്പിയടിയാണെന്ന് നെറ്റിസൻസ് കണ്ടെത്തിയതും പ്രാഡ അത് സമ്മതിച്ചതും കോലാപുരിയുടെ രാശി വീണ്ടും തെളിഞ്ഞു.
മലയാളികൾക്കിടയിലും കോലാപുരി പ്രേമം തിരിച്ചെത്തി. കേരളത്തിലെ ഉത്തരേന്ത്യൻ വിപണന മേളകളിൽ താരമാണ് കോലാപുരി. 300 രൂപ മുതൽ 2000 രൂപ വിലയുള്ള ചെരുപ്പുകൾ മേളകളിൽ ഉണ്ട്. കോലാപുരി വീണ്ടും ട്രെൻഡ് ആയതോടെ, ഫാഷൻ സ്റ്റേറ്റ്മെന്‍റാക്കി കഴിഞ്ഞു യുവാക്കൾ. പ്രാഡ ഒന്നരലക്ഷം രൂപ വിലയിട്ട നമ്മുടെ പാവം കോലാപുരികൾ ഇനി കുറച്ചുനാൾ നിരത്ത് ഭരിക്കട്ടെ.