Image Credit: https://www.instagram.com/manoramanews/
വ്യത്യസ്തമായ ഫാഷന്‍ ഐഡിയകള്‍ ഏറ്റവുമധികം പ്രദര്‍ശിപ്പിക്കപ്പെടുന്ന ഇടമാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. പുതിയ ട്രെന്‍ഡും ലുക്കും നിലപാടുമെല്ലാം ലോകത്തെ അറിയിക്കാന്‍ സെലിബ്രിറ്റികള്‍ റെഡ് കാര്‍പ്പറ്റ് വേദിയാക്കുന്നത് പതിവാണ്. നടി കനി കുസൃതി 2024ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങിയത് കയ്യിലെ തണ്ണിമത്തന്‍ ബാഗുമായാണ്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നടി ബാഗിന് തണ്ണിമത്തന്‍റെ ഡിസൈന്‍ നല്‍കിയത്. ഇപ്പോഴിതാ കാനില്‍ തന്‍റെ ആഭരണത്തിലൂടെ സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ മറ്റൊരു താരമാണ് സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങുന്നത്.
https://www.instagram.com/manoramanews/
വസ്ത്രത്തില്‍ വ്യത്യസ്തത നിറച്ച് മറ്റ് താരങ്ങള്‍ കാനില്‍ തിളങ്ങിയപ്പോള്‍ തന്‍റെ മാലയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരമര്‍പ്പിച്ചാണ് നടിയും മോഡലുമായ രുചി ഗുജ്ജാര്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. മോദിയുടെ മുഖമുള്ള പെന്‍റന്‍റുകളുളള മാലയാണ് രുചി ധരിച്ചിരുന്നത്. ഇത് വെറുമൊരു മാലയല്ലെന്നും ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ആദരവാണ് ഈ മാലയിലൂടെ പ്രകടിപ്പിക്കാന്‍ ശ്രമിച്ചതെന്നും രുചി പറയുന്നു. സ്വര്‍ണ നിറത്തിലുളള ലെഹങ്കയണിഞ്ഞാണ് രുചി കാനിലെത്തിയത്. ഇന്ത്യൻ കരകൗശല വൈദഗ്ധ്യത്തെ എടുത്തുകാട്ടുന്ന ഈ ലെഹങ്ക ഡിസൈന്‍ ചെയ്തത് ഡിസൈനര്‍ രൂപ ശര്‍മയാണ്. സ്വര്‍ണ നിറത്തിലുളള ലെഹങ്കയ്ക്കൊപ്പം രാജസ്ഥാന്‍റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ദുപ്പട്ട കൂടിയായപ്പോള്‍ രാജകുമാരിയെപ്പോലെ രുചി തിളങ്ങിയെന്ന് ആരാധകര്‍ പറയുന്നു.
സ്വര്‍ണ വര്‍ണത്തില്‍ രുചി റെഡ് കാര്‍പ്പറ്റിലെത്തിയപ്പോള്‍ വസ്ത്രത്തിന്‍റെ ആഢംബരത്തെക്കാള്‍ ലോകം ശ്രദ്ധിച്ചത് രുചിയുടെ നിലപാടിന്‍റെ പ്രതീകമായ മാലയിലേക്കായിരുന്നു. മോദിയുടെ ചിത്രം പതിച്ച മാല ഇന്ത്യയുടെ കരുത്തിന്‍റെയും പ്രൗഢിയുടെയും പ്രതിഫലനമായി മാറി. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള ബഹുമാനമാണ് തന്‍റെ കഴുത്തില്‍ തിളങ്ങുന്നതെന്നും രുചി മാധ്യമങ്ങളോട് അഭിമാനത്തോടെ വിളിച്ചുപറഞ്ഞു. പരമ്പരാഗത രാജസ്ഥാനി മോട്ടിഫുകൾ ഉപയോഗിച്ചാണ് മാല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്‍റെ പൈത്യകവും ആധുനികതയുമാണ് മാലയില്‍ പ്രതിഫലിക്കുന്നത്. കാനിലെ രുചിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ ലോകത്ത് അഭിനന്ദനപ്രവാഹമാണ്. 2023 ലെ മിസ് ഹരിയാനയായി സൗന്ദര്യ കിരീടം ചൂടിയ രുചി മോഡലിങ്ങിലൂടെയും ആല്‍ബങ്ങളിലൂടെയുമാണ് ശ്രദ്ധയാര്‍ജിച്ചത്.