Image Credit: instagram.com/neeharsachdeva

Image Credit: instagram.com/neeharsachdeva

തലയില്‍ മുടിയില്ലാത്ത ഒരു ഇന്ത്യന്‍ പെണ്ണിനെ ആരു കല്യാണം കഴിക്കും എന്നതായിരുന്നു ശരിക്കുമുള്ള ചോദ്യം. മുടി സ്ത്രീസൗന്ദര്യത്തിന്‍റെ പ്രധാന അളവുകോലായി കാണുന്ന സമൂഹത്തില്‍ അതൊരു നടുക്കുന്ന ചോദ്യവുമായിരുന്നു. നീഹാര്‍ സച്ദേവ എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി ആ ചോദ്യത്തിനുള്ള ഉത്തരമാണ് ജീവിതം കൊണ്ടു കുറിച്ചത്. 

വളരെ ചെറുപ്പം മുതലേ അപൂര്‍വരോഗം ബാധിച്ച പെണ്‍കുട്ടിയാണ് നീഹാര്‍. ജനിച്ച് ആറു മാസമായപ്പോളേക്കും രോഗം സ്ഥിരീകരിച്ചു; അലോപീസിയ. എന്നു വച്ചാല്‍ അസാധാരണമായി മുടി കൊഴിഞ്ഞ് തല കഷണ്ടിയാകുന്ന രോഗം. ഇടയ്ക്കൊക്കെ മുടി വളര്‍ന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ കൊഴിഞ്ഞ് വീണ്ടും കഷണ്ടിയായി. ഇന്ത്യന്‍ സൗന്ദര്യസങ്കല്‍പങ്ങളുടെ സമ്മര്‍ദത്തിലായിരുന്ന കുടുംബം ഈ രോഗാവസ്ഥ മറച്ചു വയ്ക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളോളം കൃത്രിമ മുടിയും വിഗും വച്ച് കുഞ്ഞു നീഹാര്‍ സ്കൂളില്‍ പോയി. പരിഹാസവും ആക്ഷേപങ്ങളും നേരിട്ടു. കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ കടന്നു പോയി. 

തനിക്കെന്തോ കുഴപ്പമുണ്ട് എന്നു തോന്നിപ്പിച്ച കുട്ടിക്കാലത്തു നിന്ന് മറ്റുള്ളവര്‍ എന്തു കരുതിയാലെന്ത് എന്ന ചിന്തയിലേക്ക് ഉയിര്‍ത്തെഴുന്നേറ്റ നീഹാര്‍ തന്നെയാണ് സ്വന്തം ജീവിതത്തിന്റെ ഗതി മാറ്റിയെഴുതിയത്. അമേരിക്കയിലെ കലിഫോര്‍ണിയയിലെ ഹൈസ്കൂള്‍ ജീവിതത്തിനിടെ ഒരു ദിവസം ഇനി മുതല്‍ വിഗ് വയ്ക്കുന്നില്ലെന്ന് നീഹാര്‍ തീരുമാനിച്ചു. എന്നു മാത്രമല്ല, മുടി പൂര്‍ണമായും ഷേവ് ചെയ്ത് മൊട്ടത്തലയാക്കാനും തീരുമാനിച്ചു. അതിനായി ഒരു ബാള്‍ഡ് ബാഷ് തന്നെ സംഘടിപ്പിച്ചു. കൂട്ടുകാരും കുടുംബക്കാരുമൊക്കെയായി ആഘോഷപൂര്‍വം നീഹാര്‍ ആ തീരുമാനം നടപ്പാക്കി. ഇനി മുതല്‍ എന്റെ തല എങ്ങനെ വേണമെന്നു ഞാന്‍ തീരുമാനിക്കുമെന്നായിരുന്നു സധൈര്യത്തോടെ പ്രഖ്യാപനം. ഒളിച്ചുവയ്ക്കലുകളില്ലാതെ തന്റെ ശാരീരിക അവസ്ഥയെ സന്തോഷത്തോടെ സ്വീകരിച്ച ആ ദിവസത്തെയാണ് നീഹാര്‍ സ്വാതന്ത്ര്യദിനമെന്നു വിളിക്കുന്നത്. മുടിയില്ലാത്ത ഇന്ത്യന്‍ പെണ്‍കുട്ടിയെ ആരു കല്യാണം കഴിക്കുമെന്ന ക്ലാസിക് ചോദ്യം വന്നത് മുത്തശിയില്‍ നിന്നാണ്. പക്ഷേ അപ്പോഴേക്കും നീഹാറിനെ ചുറ്റുമുള്ളവരും മനസിലാക്കിത്തുടങ്ങിയിരുന്നു.

എന്നിട്ട് ആ ‘കഷണ്ടിക്കാരി’ ഇന്ത്യന്‍ പെണ്ണിന് എന്തു സംഭവിച്ചു?

കല്യാണമൊന്നും നീഹാറിന്റെ അജന്‍ഡയില്‍ പ്രധാനമേ ആയിരുന്നില്ല. മുടി വടിച്ചു കളഞ്ഞ തലയുയര്‍ത്തി തന്നെ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഡേറ്റിങ് ആപ്പിലൂടെ ഇന്ത്യക്കാരന്‍ തന്നെയായ അരുണ്‍ ഗണപതിയെ പരിചയപ്പെടുന്നത്. നാലു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും കല്യാണം. താ‍യ്‍ലന്റിലെ മനോഹരമായ ഡെസ്റ്റിനേഷന്‍ വെഡ്ഡിങിലെ ബ്രൈഡ് ലുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും തരംഗമാണ്. 

ഒറിജിനല്‍ കല്യാണത്തിനും കുറച്ചു കാലം മുന്‍പു തന്നെ ബ്രൗണ്‍ഗേള്‍ മാഗസിനില്‍ ബാള്‍ഡ് ബ്രൗണ്‍ ബ്രൈഡ് പരമ്പരയിലൂടെ സച്ദേവ ലോകശ്രദ്ധ നേടിയിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നീഹാര്‍ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററാണ്. ബോഡി പോസിറ്റിവിറ്റി ആക്റ്റിവിസ്റ്റുമാണ്. ഇന്ത്യന്‍ വിവാഹവസ്ത്രത്തിന്‍റെ വര്‍ണാഭയില്‍ തന്നെ തന്റെ കഷണ്ടിയിലേക്കു ചൂണ്ടി നീഹാര്‍ സച്ദേവ ലോകത്തോടു പറയുന്നു, ആരോ കോറിയിട്ട സൗന്ദര്യസങ്കല്‍പങ്ങള്‍ മറന്നുകളയൂ. തുറിച്ചു നോട്ടങ്ങള്‍ക്കു പകരം വ്യത്യസ്തയെ അംഗീകരിക്കാന്‍ മനസിനെ പാകമാക്കൂ. വീണ്ടും അവര്‍ പെണ്‍കുട്ടികളോടു പ്രത്യേകമായി പറയുന്നു, ലോകത്തിന്റെ സൗന്ദര്യസങ്കല്‍പങ്ങളെയല്ല, സ്വയം എങ്ങനെയാണോ അങ്ങനെ അംഗീകരിക്കാനും സ്വയം സ്നേഹിക്കാനും തയാറാകൂ. ലോകം നിങ്ങള്‍ക്കു പിന്നാലെ വരും.

ENGLISH SUMMARY:

Indian-origin woman Nihar Sachdev defies societal beauty standards and proves that a woman's worth is not defined by her hair.