കുറച്ച് വർഷങ്ങൾക്ക് മുൻപ് നമ്മളോട് ആരെങ്കിലും ഇഷ്ട്ടപ്പെട്ട കളർ ഏതാണെന്ന് ചോദിച്ചാൽ ഉത്തരം നീല, ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പച്ച .... അതിലേതെങ്കിലുമല്ലായിരുന്നോ.. പക്ഷേ ഇന്ന് ഭൂരിഭാഗം ആളുകളുടെയും ഇഷ്ട്ട നിറം ഏതെങ്കിലും പേസ്റ്റൽ ഷെയ്ഡ്‌സ്, അല്ലെങ്കിൽ ബ്ലാക്ക് ഓർ വൈറ്റ് ഒക്കെയല്ലേ. നമ്മുടെയൊക്കെ പിന്ററെസ്റ്റ് ബോർഡിലൂടെയോ ഇൻസ്റ്റഗ്രാം മൂഡ് ബോർഡിലൂടെയോ സ്ക്രോൾ ചെയ്‌താൽ കാണാവുന്നതും ഈ പേസ്റ്റൽ ഷെയ്ഡ്‌സും മിനിമലിസ്റ്റ് എസ്തെറ്റിക് നിറങ്ങളുമൊക്കെയല്ലേ.
അതെ, ലോകം മുഴുവൻ ഇന്ന് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ്, ഗ്രേ ഷെയ്ഡ്, അല്ലെങ്കിൽ മ്യൂട്ടേഡ് ടോൺസ് രീതിയിലേക്ക് മാറിയിരിക്കയാണ്. ധരിക്കുന്ന വസ്ത്രങ്ങൾ, പുതുതായി നിർമ്മിക്കുന്ന വീടുകൾ ഇതൊക്കെ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ ഈ മാറ്റം നമുക്ക് മനസിലാകും. പണ്ട് കല്യാണങ്ങൾ ഒക്കേ കളർഫുൾ ആയിരുന്നു, ചുവപ്പും നീലയും പച്ചയും കളർ പട്ടു സാരികളും വൈബ്രന്റ് നിറങ്ങളിലുള്ള അലങ്കാരങ്ങളും.. പക്ഷേ ഇന്ന് പെണ്ണും ചെക്കനും ഉൾപ്പെടെ എല്ലാവരുടെയും വസ്ത്രധാരണം പേസ്റ്റൽ ഷെയ്ഡ്‌സിലാണ്. ഡെക്കറേഷനും അത്തരം മ്യൂട്ടേഡ് ടോൺസിൽ തന്നെ.
വസ്ത്രങ്ങളുടെ കാര്യത്തിൽ മാത്രമല്ല ഈ മാറ്റം, വീടുകളുടെയും കടകളുടേയുമൊക്കെ പെയ്ന്റിങ്, ഇന്റീരിയർ ഡിസൈനിങ്, മോഡേൺ കിച്ചൻ ലുക്ക് ഇതിലൊക്കെയും ഈ ഗ്രേ അല്ലെങ്കിൽ പേസ്റ്റൽ ഷെയ്ഡ്‌സിന്റെ ആധിപത്യം കാണാം. ഇനി വാഹനങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ, 80 കളിലെ ഒരു കാർ പാർക്കിങ്ങിൽ കണ്ടിരുന്നത് വൈബ്രന്റ് കളേഴ്സ് ആയിരുന്നെങ്കിൽ ഇന്ന് അത് മൊത്തത്തിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ലോകമാണ്. അതിനർഥം കളർഫുൾ ആയിട്ടുള്ള കാറുകളോ വാഹനങ്ങളോ വിപണിയിൽ ഇറങ്ങുന്നില്ല എന്നല്ല, മറിച്ച് അത്തരം വാഹനങ്ങൾ വാങ്ങുന്നവർ വളരെ കുറവും ഗ്രേ ഷെയ്ഡിലുള്ള വാഹനങ്ങൾ ഒരു സ്റ്റാൻഡേർഡിന്റെ ഭാഗമായി മാറി എന്നുമുള്ളതാണ്.
ഡിസൈനിങ്ങിൽ, ഫാഷനിൽ, ഇന്റീരിയറിൽ ഒക്കെ പ്രതിഫലിക്കുന്ന ഈ മാറ്റം ലോകത്താകമാനം സംഭവിച്ചിട്ടുള്ളതാണ്. ലോക പ്രസിദ്ധമായ ബ്രാൻഡ്‌സിനെ കുറിച്ച് പറഞ്ഞാൽ, വെള്ളമൊഴിച്ച് കഴുകി കളഞ്ഞതുപോലെയാണ് പല ബ്രാൻഡ്‌സും അവരുടെ ലോഗോ റീബ്രാൻഡ് ചെയ്തത്. അതിന് ഏറ്റവും നല്ല ഉദാഹരങ്ങൾ മക്ഡൊണാൾഡ്സിന്റെയും ആപ്പിളിന്റെയും റീബ്രാന്ഡിങ് ആണ്. വൈബ്രന്റ് കളറായിരുന്ന മക്‌ഡൊണാൾഡ്‌സ് അവരുടെ ലോഗോ ഒരു മങ്ങിയ മഞ്ഞ കളറിലേക്ക് മാറ്റുകയും ഷോപ്പുകൾ ഗ്രേ ഷെയ്ഡ് ആക്കുകയും ചെയ്തു. പല കളർ ആയിരുന്ന ആപ്പിൾ ലോഗോ ആവട്ടെ മിനിമലിസ്റ്റ് ബ്ലാക്ക് വൈറ്റ് ഗ്രേ ഷെയ്ഡിലേക്ക് മാറി. ട്വിറ്റർ എക്സ് ആയി മാറിയപ്പോൾ, സാംസങ് , എച്ച്പി, ഫോക്സ് വാഗൻ, നിസാൻ , കിയാ, ബർഗർ കിംഗ് , ബംബിൾ, വിക്ടോറിയസ് സീക്രെട്ട് ഇവരുടെയൊക്കെയേ റീബ്രാന്ഡിങ് അത്തരത്തിലുള്ളതായിരുന്നു.
നമ്മുടെ രാജ്യത്താകട്ടെ പരമ്പരാഗത വസ്ത്രങ്ങളുടെയും ആഘോഷങ്ങളുടെയും ഒരു പ്രധാന ഭാഗമാണ് കടും നിറങ്ങൾ. പരമ്പരാഗത വാസ്തുവിദ്യയിലും ശില്പങ്ങളിലുമൊക്കെ ഈ നിറങ്ങൾ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ 2010 മുതൽ മിനിമലിസം, ബ്രാൻഡിങ്, പിന്ററെസ്റ്റ്- വൽക്കരണം എന്നിവയൊക്കെ നമ്മുടെ ജീവിതത്തിൽ നിന്നും നിറങ്ങൾ ഇല്ലാതാക്കി കളഞ്ഞു. വൈബ്രന്റ് നിറങ്ങൾ ഭൂരിഭാഗത്തിനും മുന്നിൽ വില കുറവിന്റെ അടയാളങ്ങായി മാറി.
കാൻഡി മുതൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വരെ വ്യാപിച്ച ഈ ഗ്രേ സ്കെയിൽ മാറ്റത്തിന് പിന്നിലെ കാരണങ്ങൾ പലതാണ്. പണ്ട് തടികൾ കൊണ്ടും കളിമണ്ണുകൊണ്ടുമൊക്കെ ആയിരുന്നു നമ്മുടെ ഇന്റീരിയർ ഡിസൈനിങ്ങും വാസ്തുവിദ്യയുമൊക്കെ. എന്നാൽ ഇന്ന് അത് പ്ലാസ്റ്റിക്കിനും സ്റ്റീലിനും ഗ്ലാസ്സിനുമൊക്കെ വഴിമാറികൊടുത്തു. ഇവയിലൊക്കെ അനുയോജ്യമായി മാറിയത് ഈ ഗ്രേ ഷെയ്ഡ്‌സും. വാഹനങ്ങളുടെ കാര്യത്തിലാണെങ്കിൽ റീ സെയിൽ വാല്യൂ ബ്ലാക്ക് ആൻഡ് വൈറ്റ്, ബെയ്ജ്, ഗ്രേ ഷെയ്ഡുകളിലുള്ള വാഹനങ്ങൾക്കാണ്. വാഹന നിർമ്മാണത്തിലും കാര്യമായ ലാഭം ഈ നിറങ്ങൾക്കുണ്ട്. വീടുകളുടെയും മറ്റും പെയ്ന്റിംഗ് ഇളം നിറത്തിലേക്ക് മാറ്റുന്നത് വൃത്തിയായി സൂക്ഷിക്കാൻ പ്രേരിപ്പിക്കുമെന്നും ഇതുവഴി മെന്റെനസ് ചെലവ് കുറയ്ക്കുമെന്നുമാണ് ആളുകൾ പറയുന്നത്. മാത്രമല്ല വെള്ള, ചാരനിറം പോലുള്ള നിറങ്ങൾ വ്യാപകമായി കുറഞ്ഞ ചെലവിൽ ലഭ്യമാവുകയും ചെയ്യും.
ആഗോളവൽക്കരണം ഇതിലൊരു പ്രധാന ഘടകമാണ്. ലോകമെങ്ങുമുള്ള കെട്ടിടങ്ങൾ ഏതാണ്ട് ഒരേ നിറങ്ങളിലേക്ക് മാറിക്കഴിഞ്ഞു. മിനിമലിസ്റ്റ് എസ്തെറ്റിക് വാസ്തുവിദ്യയ്ക്ക് പേരുകേട്ട ജാപ്പനീസ് വാസ്തുവിദ്യ ലോകമെമ്പാടുമുള്ള ആധുനിക വാസ്തുവിദ്യയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ന്യൂട്രൽ നിറങ്ങൾ ഉപയോഗിച്ച് സിമ്പിളായി രൂപകൽപ്പന ചെയ്യുന്നതായിരുന്നു പരമ്പരാഗത ജാപ്പനീസ് രീതി. ഈ രീതിയാണ് ഇപ്പോൾ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നത്.
എന്നിരുന്നാലും നമ്മുടെ തലച്ചോറിനും മൂഡിനുമൊക്കെ ഈ 'ഗ്രേ സ്കെയിൽ' മാറ്റം നല്ലതാണോ? അല്ല എന്നതാണ് യാഥാർഥ്യം. നമ്മുടെ തലച്ചോറിന് വൈബ്രന്റ് നിറങ്ങളാണ് ഇഷ്ട്ടം. പഠനങ്ങൾ പറയുന്നത് നിറങ്ങൾ നമ്മുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും സ്വാധീനിക്കുമെന്നാണ്. ചുവപ്പ് നിറം ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും, നീല ശാന്തതയെ പ്രോത്സാഹിപ്പിക്കും, പച്ച ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിപ്പിക്കും. മഞ്ഞയാകട്ടെ നമ്മുടെ സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ മിക്ക സ്ഥലങ്ങളിലും സ്കൂളുകളിലും സാധാരണയായി ഉപയോഗിക്കുന്ന വെള്ള നിറം സമ്മർദ്ദം വർദ്ധിപ്പിക്കുകയും ഏകാഗ്രത കുറയ്ക്കുകയും ചെയ്യുമെന്നാണ് പഠനം.
ഗ്രേ ഓഫീസ് സിൻഡ്രോം എന്ന് കേട്ടിട്ടില്ലേ, ഒട്ടും കളർഫുൾ അല്ലാത്ത ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ക്ഷീണവും ഉന്മേഷക്കുറവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുമൂലം ചില കമ്പനികൾ അവരുടെ ഓഫീസ് ഡിസൈനുകളിൽ വൈബ്രന്റ് കളേഴ്സ് ഉപയോഗിക്കുന്നുമുണ്ട്. ഗൂഗിളിന്റെ വർണ്ണാഭമായ ഓഫീസുകൾ അതിനൊരുദാഹരണമാണ്. ലോകമെമ്പാടുമുള്ള ഗൂഗിളിന്റെ ഓഫീസുകൾ അവയുടെ ഡിസൈനുകളുടെ പേരിൽ അറിയപ്പെടുന്നവയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ജെൻ സിയുടെ കാര്യത്തിൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു ട്രെൻഡ് ഉരുത്തിരിഞ്ഞു വരുന്നുണ്ട്. യുവതലമുറയിൽ നിറത്തോടുള്ള ഇഷ്ടം വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. വൈബ്രന്റ് ഫ്ലൂറസെന്റ് നിറങ്ങളോക്കെ അവരുടെ വസ്ത്രധാരണത്തിലും വാഹനങ്ങളിലുമൊക്കെ കണ്ടുവരാറുണ്ട്. പക്ഷേ അപ്പോൾ സമൂഹം അവരെ വ്യത്യസ്തമായ രീതിയിൽ നോക്കിക്കാണും. എന്നാൽ ഇതിലൂടെ ജെൻ സിയെ ആകർഷിക്കാൻ ബ്രാൻഡുകൾ നിറങ്ങളിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പിന്നെ എല്ലാ മേഖലയിലും ഈ മാറ്റം പ്രകടമാകും. അതൊരു വൈബ്രന്റ് കളർഫുൾ ലോകമുണ്ടാക്കും.