sushmita-sen-1994

TOPICS COVERED

ഇന്ത്യയിലേക്ക് ആദ്യമായി വിശ്വസുന്ദരി കിരീടം എത്തിയിട്ട് ഇന്നേക്ക് മുപ്പത് വര്‍ഷം. 1994 മേയ് 21 നായിരുന്നു സുസ്മിത സെന്‍ വിശ്വ സുന്ദരിയുടെ കിരീടം ചൂടുന്നത്. ഇന്നിതാ തന്‍റെ പതിനെട്ടാം വയസ്സിലെ ചിത്രം പങ്കുവച്ച് ആ മനോഹര നിമിഷങ്ങള്‍ ഓര്‍ക്കുകയാണ് താരം. ‘മിസ് യൂണിവേഴ്സ്’ പട്ടവും ധരിച്ച് കയ്യില്‍ മൂത്തമകള്‍ റെനി സെന്നുമായി നില്‍ക്കുന്ന ചിത്രമാണ് സുസ്മിത സെന്‍ പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യ മറ്റൊരു വിശ്വ സുന്ദരിയെ കണ്ടെത്തിയേക്കാം എന്നാൽ മറ്റൊരു സുസ്മിത സെന്നിനെ കണ്ടെത്തുന്നത് അസാധ്യമാണ്

'ഞാൻ അനാഥാലയത്തിൽ വച്ച് കണ്ടുമുട്ടിയ കൊച്ചു പെൺകുട്ടി. അവളാണ് ആ പതിനെട്ടുകാരിക്ക് ജീവിതത്തിലെ ഏറ്റവും നിഷ്കളങ്കവും ആഴമേറിയതുമായ പാഠങ്ങള്‍ പഠിപ്പിച്ചത്. ആ പാഠങ്ങളിലൂന്നിയാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്. ഈ സുന്ദരമായ നിമിഷത്തിന്, ഇന്ത്യയുടെ ആദ്യ വിശ്വ സുന്ദരീ കിരീടത്തിന് ഇന്ന് 30 വയസ്സ് തികയുന്നു’ ചിത്രം പങ്കുവച്ച് സുസ്മിത സെന്‍ കുറിച്ചു.

‘മഹത്തായ യാത്രയായിരുന്നുഅത്, ആ യാത്ര ഇന്നും തുടരുന്നു. എപ്പോഴും എന്‍റെ സ്വത്വമായിരുന്നതിന്, എന്‍റെ ശക്തിയായി ഇരുന്നതിന് ഇന്ത്യയ്ക്ക് നന്ദി’ സുസ്മിത കുറിച്ചു. ഒപ്പം അവസാനിക്കാത്ത സ്നേഹത്തിന് ഫിലിപ്പീന്‍സിനും ലോകമെമ്പാടുമുള്ള തന്‍റെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും സുസ്മിത നന്ദി പറഞ്ഞു. ‘നിങ്ങൾ ഓരോരുത്തരും എന്‍റെ ജീവിതത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. നിങ്ങള്‍പോലും അറിയാതെ നിങ്ങള്‍ എനിക്ക് പ്രചോദനമായി. നിങ്ങളുടെ സ്നേഹം ഞാന്‍ അറിയുന്നു’ താരം കൂട്ടിച്ചേര്‍ത്തു.

ഇൻസ്റ്റഗ്രാമിൽ സുസ്മിത പങ്കുവച്ച ചിത്രത്തിന് താഴെ ഹൃദയം നിറഞ്ഞ കമന്‍റുകളുമായി ആരാധകരും എത്തുന്നുണ്ട്. ‘ഇന്ത്യയ്ക്ക് മറ്റൊരു വിശ്വ സുന്ദരിയെ കണ്ടെത്താനായോക്കാം എന്നാൽ മറ്റൊരു സുസ്മിത സെന്നിനെ കണ്ടെത്തുന്നത് അസാധ്യമാണ്’, ‘നിങ്ങൾ എന്നും ഞങ്ങളുടെ ഓർമ്മയിൽ വിശ്വ സുന്ദരി തന്നെയാണ്’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.

സുസ്മിതയുടെ മകൾ റെനിയും അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ‘മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം, അന്ന് മധുരപ്പതിനെട്ടുകാരിയായിരുന്ന എന്‍റെ അമ്മ ചരിത്രമെഴുതി. വിശ്വസുന്ദരിപ്പട്ടം ആദ്യമായി ഇന്ത്യയിലേക്കെത്തി. അതില്‍ ഞാന്‍ അത്യധികം അഭിമാനിക്കുന്നു. മറ്റൊരു മനുഷ്യനിലും ഞാൻ കണ്ടിട്ടില്ലാത്ത അനുകമ്പയുടെയും സ്നേഹത്തിന്‍റെയും പ്രതിരൂപമാണ് എന്‍റെ അമ്മ. ഇങ്ങനെയൊരാളെ എന്‍റെ അമ്മയായി ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ പ്രപഞ്ചം മുഴുവൻ അമ്മയ്ക്കൊപ്പമുണ്ട്’ റെനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ENGLISH SUMMARY:

Sushmita Sen celebrates 30 years of India's first miss universe.