alejandra-marisa-rodr-guezz

Image Credit / Twitter

TOPICS COVERED

മാറുന്ന ലോകത്ത് സൗന്ദര്യത്തിന്‍റെ പാരമ്പര്യ ചട്ടകൂടുകള്‍ വീണ്ടും പൊളിച്ചെഴുതപ്പെട്ടിരിക്കുകയാണ്. ഏറ്റവും പ്രായം കൂടിയ മിസ് യൂണിവേഴ്​സ് മല്‍സരാര്‍ഥി എന്ന നേട്ടം നഷ്​ടമായെങ്കിലും അര്‍ജന്‍റീനക്കാരി അലജാന്ദ്ര മരിസ റോഡ്രിഗസ് കരസ്ഥമാക്കിയ നേട്ടങ്ങള്‍ അത്ര ചെറുതല്ല. മിസ് അര്‍ജന്‍റീന മല്‍സരത്തില്‍ ബെസ്റ്റ് ഫേസ് എന്നീ ടൈറ്റിലുകള്‍ കരസ്ഥമാക്കിയാണ് അലജാന്ദ്ര മടങ്ങുന്നത്. അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമായ അലജാന്ദ്രക്ക് പ്രായം 60താണ്. എന്നാല്‍ സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് അതൊന്നും അവര്‍ക്ക് ഒരു തടസമായിരുന്നില്ല. മിസ് യൂണിവേഴ്​സില്‍ മല്‍സരിക്കാനുള്ള പ്രായപരിധി എടുത്തുമാറ്റിയതോടെയാണ് അലജാന്ദ്ര മല്‍സരിക്കാന്‍ തീരുമാനിച്ചത്. 

തനിക്ക് ഈ നേട്ടങ്ങള്‍ ലഭിച്ചതോടെ ഈ വഴികള്‍ എളുപ്പമല്ലാതിരുന്നവര്‍ക്ക് മുന്നില്‍ പുതിയൊരു വാതില്‍ തുറക്കപ്പെട്ടുവെന്നാണ് മല്‍സരശേഷം അലജാന്ദ്ര പ്രതികരിച്ചത്. ഇതൊരു വെല്ലുവിളിയായിരുന്നു. പുതിയ വെല്ലുവിളി ഏറ്റെടുക്കുക എന്നതിനപ്പുറം ഒരു പ്രതീക്ഷകളുമില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം നടന്ന മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസ് മല്‍സരത്തില്‍ ഒന്നാമതെത്തിയതോടെ ഏറ്റവും പ്രായം കൂടിയ മിസ് യൂണിവേഴ്സെന്ന അപൂർവനേട്ടം അവര്‍ സ്വന്തമാക്കിയിരുന്നു. 

കോർഡോബയിൽ നിന്നുള്ള നടിയും മോഡലുമായ 29-കാരി മഗലി ബെനജാമാണ് 27 മത്സരാർത്ഥികളെ പിന്തള്ളി മിസ് അർജന്‍റീന കിരീടം ചൂടിയത്. നവംബറില്‍ മെക്​സിക്കോയില്‍ നടക്കുന്ന മിസ് യൂണിവേഴ്​സ് മല്‍സരത്തില്‍ മഗലി ബെനജാം അര്‍ജന്‍റീനയെ പ്രതിനിധീകരിക്കും. പ്രായപരിധി മാറ്റിയില്ലായിരുന്നെങ്കില്‍ മഗലി ബെനജാമിനും മല്‍സരത്തില്‍ പങ്കെടുക്കാനോ വിജയി ആവാനോ സാധിക്കില്ലായിരുന്നു. 

1952 മുതൽ തുടങ്ങിയ മത്സരത്തിൽ കഴിഞ്ഞ വര്‍ഷം വരെ 18നും 28നും ഇടയിൽ പ്രായമുള്ള, അവിവാഹിതരായ, കുട്ടികളില്ലാത്ത യുവതികൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. ആ നിയമത്തിനാണ് മാറ്റം വന്നത്. 18 മുതൽ 73 വയസ്സ് വരെ പ്രായമുള്ളവർക്ക് ഇപ്പോള്‍ സൗന്ദര്യ മല്‍സരങ്ങളില്‍ പങ്കെടുക്കാം. 2022ൽ ലോകസുന്ദരിപ്പട്ടം നേടിയ 28കാരി ഗബ്രിയേലാണ് നിലവിൽ മത്സരത്തിൽ വിജയിച്ചിട്ടുള്ള ഏറ്റവും പ്രായം കൂടിയ വനിത. വിവാഹിതര്‍ക്കും ഗർഭിണികൾക്കും ട്രാൻസ്‌ജെന്‍ററുകള്‍ക്കും ഇപ്പോള്‍ മിസ് യൂണിവേഴ്​സ് പട്ടത്തിനായി മല്‍സരിക്കാം.  വിവാദപരമായ യോഗ്യതകളെല്ലാം എടുത്തുമാറ്റി. സൗന്ദര്യത്തെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും വെബ്​സൈറ്റില്‍ നിന്നും ഒഴിവാക്കി. 

ENGLISH SUMMARY:

Alejandra missed out on being the oldest Miss Universe contestant