യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനൊപ്പം ജോലി ചെയ്തകാലത്തെ ഓര്‍മകള്‍ പങ്കുവെച്ച് നടിയും മിസ് യൂണിവേഴ്സ് ജേതാവുമായ സുസ്മിത സെന്‍. 2010–12 കാലയളവില്‍ മിസ് യൂണിവേഴ്സ് ഫ്രാഞ്ചൈസിയുടെ ഉടമയായിരുന്ന കാലത്താണ് താൻ ട്രംപിനൊപ്പം പ്രവർത്തിച്ചതെന്നാണ് സുസ്മിത വെളിപ്പെടുത്തിയത്. ‘ആര്യ’ എന്ന വെബ്സീരിസിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുസ്മിത ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അക്കാലം അത്ര എളുപ്പമുള്ളതോ രസകരമോ ആയിരുന്നില്ല എന്നും സെന്‍ പറഞ്ഞു.
വിവിധ പരസ്യങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ആ സമയത്താണ് ഒരു സ്വപ്നതുല്യ അവസരം അപ്രതീക്ഷിതമായി തേടിയെത്തിയത്. മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ എന്നെ വിളിച്ച് ഫ്രാഞ്ചൈസി ഏറ്റെടുക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. സ്വപനം കാണുകയാണോ എന്ന് തോന്നിപ്പോയ നിമിഷമായിരുന്നു അത്. അങ്ങനെ ആ കരാറില്‍ ഒപ്പുവെച്ചു. കരാര്‍ ഒപ്പിട്ടതിനുശേഷമാണ് അത് ഡോണള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്നറിഞ്ഞത്.
ട്രംപ് തന്‍റെ ബോസ് ആയിരുന്നില്ലെന്നും മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനായിരുന്നു തന്‍റെ മേലുദ്യോഗസ്ഥരായിരുന്നതെന്നും നടി വ്യക്തമാക്കി. താന്‍ ട്രംപിന്‍റെ ഫ്രഞ്ചൈസി ഉടമ മാത്രമായിരുന്നു. ഇക്കാലത്ത് അദ്ദേഹവുമായി കൂടിക്കാഴ്ചകൾ നടത്തേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു.പക്ഷെ, ആ അനുഭവം അത്ര നല്ലതായിരുന്നില്ലെന്നും സുസ്മിത സൂചിപ്പിച്ചു.അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ സുസ്മിത തയ്യാറായില്ല.
‘ചില ആളുകൾ നമ്മുടെ മനസില്‍ ഒരിടം നേടിയെടുക്കും. അത് പക്ഷേ അവരുടെ അധികാരമോ പദവിയോ നേട്ടമോ കൊണ്ടായിരിക്കില്ല.അവരുടെ രീതികള്‍ കൊണ്ടായിരിക്കും.എന്നാല്‍ ട്രംപ് അത്തരത്തില്‍പെട്ട ഒരാളല്ല.’ സുസ്മിത സെന്‍ കൂട്ടിച്ചേര്‍ത്തു.