സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പില്‍ വീഴ്ചകള്‍ സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി സിബിഎസ്ഇ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ പുറത്തിറക്കി.

 

ഡിജിറ്റൽ മൂല്യനിർണയ സംവിധാനമായ ഓൺ - സ്‌ക്രീൻ മാർക്കിങ് രീതി. ഫലപ്രഖ്യാപനത്തിന് പിന്നാലെ പുനർമൂല്യനിർണയ പോർട്ടലിനുമുണ്ടായ സാങ്കേതിക തകരാര്‍, ക്രമക്കേട് ഇവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. ചില അപാകതകൾ സംഭവിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ ഇതാദ്യമായി സമ്മതിച്ചു. അടിയന്തരമായി തിരുത്തൽ നടപടികൾ ആരംഭിച്ചു. ഒരു വിദ്യാർഥിയുടെയും ആശങ്ക പരിഹരിക്കപ്പെടാതെ പോകില്ലെന്നും എല്ലാ തലങ്ങളിലും ഉത്തരവാദിത്തം ഉറപ്പാക്കുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.

 

മന്ത്രിയുടെ വാക്കോടെ സിബിഎസ്‌ഇയില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഉറപ്പായി. ഇന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയും തമ്മിലുള്ള വാക്പോരിനും വിഷയം കാരണമായി. തുടര്‍ച്ചയായ പരാജയങ്ങളില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനെന്ന് ധര്‍മേന്ദ്ര പ്രധാനും തന്നെ ആക്രമിച്ചാല്‍ കുറ്റകൃത്യം ഇല്ലാതാകില്ലെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. 

 

പുതിയ ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തില്‍ വ്യാപക തകരാറുണ്ടെന്ന ആരോപണം സാങ്കേതിക സേവനദാതാവായ കോഎംപ്റ്റ് എഡ്യു ടെക് തള്ളി. ഈ കമ്പനിക്കെതിരെയാണ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്. വിദ്യാര്‍ഥികളെ സഹായിക്കാന്‍ ടെലി കൗണ്‍സിലിങ്ങിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സിബിഎസ്ഇ പുറത്തിറക്കി.

ENGLISH SUMMARY:

Union Education Minister Dharmendra Pradhan has admitted lapses in the CBSE Class 12 examination process, including issues in the on-screen marking system and revaluation portal. The Centre has assured corrective measures and accountability at all levels. CBSE has also launched a 24-hour helpline for students. The controversy has sparked a political clash between Rahul Gandhi and the Union Education Minister over alleged irregularities in the evaluation system.