neet-exam-faq

TOPICS COVERED

നീറ്റ്-യുജി 2026 റദ്ദാക്കിയതോടെ, പുതിയ പരീക്ഷാ തീയതി, അഡ്മിറ്റ് കാർഡ്, പരീക്ഷാ കേന്ദ്രങ്ങൾ, കൗൺസലിങ് – ഇനി  നടപടിക്രമങ്ങള്‍ എങ്ങനെ?  22 ലക്ഷത്തിലധികം മെഡിക്കൽ വിദ്യാർഥികളും അവരുടെ കുടുംബങ്ങളുടെയും ആശങ്ക ഒഴിയുമോ?.

ദേശീയ പരീക്ഷാ ഏജൻസി    മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ലഭ്യമായ വിവരങ്ങൾ ഇങ്ങനെ

  • എന്തുകൊണ്ട് നീറ്റ്-യുജി 2026 റദ്ദാക്കി? 

പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളെത്തുടർന്നാണ് മേയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയതായി എൻടിഎ അറിയിച്ചത്. 

  •  വീണ്ടും പരീക്ഷ എപ്പോൾ നടത്തും?

പുതിയ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ തീയതി അറിയിക്കുമെന്ന് എന്‍ടിഎ

  •  വിദ്യാർഥികൾ വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?

വേണ്ട. 2026 മേയിലെ പരീക്ഷയുടെ റജിസ്ട്രേഷൻ വിവരങ്ങളും അപേക്ഷയും വീണ്ടും നടത്തുന്ന പരീക്ഷയ്ക്കും പരിഗണിക്കും

  • പരീക്ഷാ ഫീസ് വീണ്ടും അടയ്ക്കേണ്ടതുണ്ടോ?

അധിക പരീക്ഷാ ഫീസ് ഈടാക്കില്ല. വിദ്യാർഥികൾ ഇതിനകം അടച്ച ഫീസ് തിരികെ നല്‍കുമെന്നാണ് എന്‍ടിഎ നിലപാട്.

  • പുതിയ അഡ്മിറ്റ് കാർഡുകൾ നൽകുമോ?

അതെ. പുതുക്കിയ അഡ്മിറ്റ് കാർഡുകളുടെ ഷെഡ്യൂൾ അറിയിക്കും

  • വിദ്യാർഥികൾക്ക് പഴയ പരീക്ഷാ കേന്ദ്രങ്ങൾ തന്നെ ലഭിക്കുമോ?

2026 മേയിലെ പരീക്ഷയ്ക്ക് തിരഞ്ഞെടുത്ത കേന്ദ്രങ്ങൾ തന്നെയായിരിക്കും വീണ്ടും നടത്തുന്ന പരീക്ഷയ്ക്കും പരിഗണിക്കുകയെന്ന് എൻടിഎ അറിയിച്ചു. എന്നാൽ, അലോട്ട്‌മെന്റിൽ  മാറ്റങ്ങളുണ്ടാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

  • പുറത്തുള്ള ഏജൻസികളെ ഉപയോഗിച്ചാണോ വീണ്ടും പരീക്ഷ നടത്തുക?

അല്ലെന്നും സ്വന്തം സംവിധാനം ഉപയോഗിച്ച് ഉപയോഗിച്ച് പരീക്ഷ വീണ്ടും നടത്തുമെന്നാണ് എൻടിഎ നിലപാട്

  •  സർക്കാർ നടപടി എന്ത്?

സമഗ്രമായ അന്വേഷണത്തിനായി വിഷയം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു.  

  • വിദ്യാർഥികൾ ഇപ്പോൾ എന്തു ചെയ്യണം?

പുനഃപരീക്ഷാ തീയതി, പുതിയ അഡ്മിറ്റ് കാർഡുകൾ, പരീക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾക്കായി എൻടിഎയുടെ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കാൻ വിദ്യാർഥികളോടും രക്ഷിതാക്കളോടും നിർദേശിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അവഗണിക്കണമെന്നും ഏജൻസി ആവശ്യപ്പെട്ടു.

  • നീറ്റ് മുമ്പും വിവാദങ്ങളിൽപ്പെട്ടിട്ടുണ്ടോ?

അതെ. ചോദ്യക്കടലാസ് ചോർച്ച, പരീക്ഷയിലെ ക്രമക്കേടുകൾ തുടങ്ങിയ ആരോപണങ്ങളെത്തുടർന്ന് ദേശീയ യോഗ്യതാ-പ്രവേശന പരീക്ഷ (നീറ്റ്) സമീപ വർഷങ്ങളിൽ ഏറെ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

NEET UG 2026 has been canceled due to alleged irregularities, impacting over 2.2 million medical aspirants. The National Testing Agency (NTA) will announce new exam dates, issue updated admit cards, and re-evaluate exam centers following the cancellation.