പി.എം.ശ്രീ പദ്ധതി മരവിപ്പിച്ചതായി കേന്ദ്ര സർക്കാരിനെ വാക്കാൽ അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിൽ കുട്ടികളെ കൊണ്ട് ഗണഗീതം പാടിച്ചതിൽ അടിയന്തര ഇടപെടൽ തേടിയെന്നും മന്ത്രി അറിയിച്ചു. ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു വി.ശിവൻകുട്ടി
പി.എം ശ്രീ പദ്ധതിയിൽ മന്ത്രിസഭ ഉപസമിതി റിപ്പോർട് ലഭിച്ചശേഷമാകും കേന്ദ്രത്തിന് രേഖാമൂലം കത്തുനൽകുക എന്ന് വി.ശിവൻകുട്ടി. മരവിപ്പിച്ചെന്ന് അറിയിച്ചപ്പോൾ അനുകൂലമായോ പ്രതികൂലമായോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചില്ല. സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി ലഭിക്കാനുള്ള 1066.36 കോടി രൂപ ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അനുഭാവപൂർണമായ നിലപാടാണ് ധർമേന്ദ്ര പ്രധാനിൽ നിന്ന് ഉണ്ടായതെന്നും വി.ശിവൻകുട്ടി പറഞ്ഞു.
വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിൽ കുട്ടികളെ കൊണ്ട് ഗണഗീതം പാടിച്ചത് ഞെട്ടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ റെയിൽവെ പങ്കുവച്ചത് ഗൗരവം വർധിപ്പിക്കുന്നു. സ്കൂൾ വിദ്യാർഥികളെ ഏതെങ്കിലും സംഘടനയുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും മന്ത്രി പറഞ്ഞു.