nurses-strike

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ട് സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 2019-ലെ കോഡ് ഓൺ വേജസ് ആക്ട് പ്രകാരമാണ് ശമ്പള നിരക്കുകൾ പരിഷ്കരിച്ചത്. 2022 ഒക്ടോബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിരക്കുകൾ നടപ്പിലാക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ജീവനക്കാരെ തരംതിരിച്ചാണ് ശമ്പള സ്കെയിൽ നിശ്ചയിച്ചിരിക്കുന്നത്.  വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളം നോക്കാം. 

പൊതുവിഭാഗം

ഓഫീസ് പൊതുവിഭാഗത്തില്‍ ജനറൽ മാനേജർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർക്ക് 27,890 - 33,740 രൂപ എന്ന സ്കെയിലാണ് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. മാനേജര്‍ക്ക് 27,330 രൂപ മുതല്‍ 33,080 രൂപ വരെയാണ് ശമ്പളം. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്, ചീഫ് അക്കൗണ്ടന്‍റ്, പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ എന്നിവ വിഭാഗത്തില്‍ 27,170 രൂപ മുതല്‍ 32,870 രൂപ വരെയാണ് ശമ്പളം. അസി. പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സ്റ്റോര്‍ കീപ്പര്‍, ചീഫ് റിസപ്ഷനിസ്റ്റ് എന്നിവര്‍ക്ക് 24,970 രൂപ മുതല്‍ 30,220 രൂപ വരെ ശമ്പളം ലഭിക്കും. 

ക്ലർക്ക്, അക്കൗണ്ടന്റ് വിഭാഗങ്ങൾക്ക് 24,610 - 29,810 രൂപ എന്ന സ്കെയിലിലും ശമ്പളം ലഭിക്കും. ഇലക്ട്രീഷന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഹൗസ്കീപ്പര്‍ എന്നി വിഭാഗങ്ങള്‍ക്ക് 24,250 രൂപ മുതല്‍ 29350 രൂപ വരെയാണ് ശമ്പളപരിധി. പവര്‍ ലോണ്‍ഡ്രി അറ്റന്‍ഡര്‍, പമ്പ് ഓപ്പറേറ്റര്‍, ജനറേറ്റര്‍ ഓപ്പറേറ്റര്‍ വിഭാഗങ്ങള്‍ക്ക് 23,580 രൂപ മുതല്‍ 28,900 രൂപ വരെ ശമ്പളം നിശ്ചയിച്ചു. 

നഴ്സുമാരുടെ ശമ്പളം ഇങ്ങനെ

നഴ്സിങ് വിഭാഗത്തില്‍ നഴ്സസ് മാനേജർ/ഡയറക്ടർ തസ്തികയ്ക്ക് 27,330 രൂപ മുതല്‍ 33,080 ആണ് അടിസ്ഥാന ശമ്പളം. സ്റ്റാഫ് നഴ്സുമാർക്ക് 25,450  രൂപ മുതല്‍ 30,800 രൂപ എന്ന സ്കെയിൽ ശമ്പളം ലഭിക്കും. നഴ്സിങ് സൂപ്രണ്ടിന് 27,170 രൂപ മുതല്‍ 32,870 രൂപ ശമ്പളമായി ലഭിക്കും. അസിസ്റ്റന്‍റ് നഴ്സിങ് സൂപ്രണ്ടിന് 27,170 രൂപ മുതല്‍ 32,870 രൂപ വരെ ലഭിക്കും. ഹെഡ് നഴ്സിന് 26,690 രൂപ മുതല്‍ 32,290 രൂപ വരെ ലഭിക്കും. 

പാരമെഡിക്കല്‍ വിഭാഗം

പാരാമെഡിക്കൽ വിഭാഗത്തില്‍ ഫാർമസി സൂപ്രണ്ട്, മൈക്രോബയോളജിസ്റ്റ് ഗ്രേഡ്-1 തുടങ്ങിയവർക്ക് 27,170 രൂപ മുതല്‍ 32,870 വരെയാണ് ശമ്പള സ്കെയിൽ. മൈക്രോ ബയോളജിസ്റ്റ് ഗ്രേഡ്– ​​​‌‌‌‌2 , ഡയറ്റീഷ്യന്‍ ഗ്രേഡ്– ​​​‌‌‌‌2, ബയോ കെമിസ്റ്റ് ഗ്രേഡ്– ​​​‌‌‌‌2, ചീഫ് ഫാര്‍മസിസ്റ്റ് എന്നിവര്‍ക്ക് 26,690 രൂപ മതല്‍ 32,290 രൂപ വരെയാണ് ശമ്പളം. ഫാര്‍മസിസ്റ്റ്, റോഡിയോഗ്രാഫര്‍, എക്സറേ ടെക്നീഷ്യന്‍, റിഫ്രാക്ഷനിസ്റ്റ് എന്നി വിഭാഗങ്ങളില്‍ 25,450 രൂപ മുതല്‍ 30,800 രൂപ വരെയാണ് ശമ്പളം. പത്തു വര്‍ഷം പ്രവൃത്തി പരിചയമുള്ള നഴ്സിങ് അസിസ്റ്റന്‍റ് ഗ്രേഡ്–1 ന് 25,350 രൂപ മുതല്‍ 30,680 രൂപ വരെ ശമ്പളം ലഭിക്കും. 

ഡയറ്റീഷ്യന്‍ ഗ്രേഡ് 2, ആക്സിലറി നഴ്സ്, ജനറല്‍ സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് 24,650 രൂപ മുതല്‍ 29,800 രൂപ വരെ ലഭിക്കും. നഴ്സിങ് എയ്ഡ്, നഴ്സിങ് ഓര്‍ഡര്‍ലി, ഡാര്‍ക്ക് റൂം അസിസ്റ്റന്‍റ്, ലബോറട്ടറി അസിസ്റ്റന്‍റ്, ഇസിജി അസിസ്റ്റന്‍റ്, തിയറ്റര്‍ അസിസ്റ്റന്‍റ് എന്നിവര്‍ക്ക് 24,290 രൂപ മുതല്‍ 29,390 രൂപ വരെയാണ് ശമ്പള പരിധി. വാര്‍ഡ് ബോയ്, അറ്റന്‍ഡര്‍, ടേബിള്‍ അറ്റന്‍ഡര്‍, നഴ്സിങ് അസിസ്റ്റന്റ് എന്നിവര്‍ 23730 രൂപ മുതല്‍ 28680 രൂപ വരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം. 

ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ്

ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ് എന്ന വിഭാഗത്തില്‍ ചീഫ് ഫിസിയോതെറാപ്പിസ്റ്റിന് 27,170 രൂപ മുതല്‍ 32,870 രൂപ വരെ ലഭിക്കും. ഫിസോയതെറാപ്പിസ്റ്റിന് 25,930-31,380 രൂപ വരെയാണ് ശമ്പള സ്കെയില്‍. ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റിന് 25450-30800 രൂപ വരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം. 

ആശുപത്രിയുടെ വലുപ്പം അനുസരിച്ച് അലവന്‍സ്

ആശുപത്രികളെ കിടക്കകളുടെ എണ്ണത്തിന്റെയും ജീവനക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ജീവനക്കാര്‍ക്ക് അധിക അലവന്‍സ് അനുവദിക്കുക. കിടത്തി ചികിത്സ ഇല്ലാത്ത ആശുപത്രികളാണെങ്കില്‍ ജീവനക്കാരുടെ എണ്ണം 11 ന് മുകളിലാണെങ്കില്‍ മൂന്നു ശതമാനം അലവന്‍സ് ലഭിക്കും. 

കിടത്തി ചികിത്സയുള്ള 100-ൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന് പുറമെ നിശ്ചിത ശതമാനം അധിക അലവൻസിന് അർഹതയുണ്ടായിരിക്കും. 101 മുതൽ 300 വരെ കിടക്കകളുള്ള ആശുപത്രികളാണെങ്കില്‍ നഴ്സിങ് വിഭാഗത്തിന് 10 ശതമാനവും പാരാമെഡിക്കൽ വിഭാഗത്തിന് മൂന്നു ശതമാനവും അധിക അലവൻസ് ലഭിക്കും. 500 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്സുമാര്‍ക്ക് 20 ശതമാനം അലവന്‍സ് ലഭിക്കും. 700 കിടക്കകളുള്ള ആശുപത്രികളില്‍ നഴ്സുമാര്‍ക്ക് 30 ശതമാനവും 800 വരെ കിടക്കകളുള്ളിടത്ത് 40 ശതമാനവും അലവന്‍സ് ലഭിക്കും. 801-ന് മുകളിൽ കിടക്കകളുള്ളിടത്ത്  നഴ്സിങ് വിഭാഗക്കാര്‍ക്ക് 50 ശതമാനം വരെ അധിക അലവൻസ് ലഭിക്കും.

ക്ഷാമബത്ത

ജീവനക്കാര്‍ക്ക് ഉപഭോക്തൃ സൂചികയിലെ 195 പോയിന്റിന് മുകളിൽ വർദ്ധിക്കുന്ന ഓരോ പോയിന്റിനും 60 രൂപ നിരക്കിൽ ക്ഷാമബത്ത നൽകണം. ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ശമ്പള സ്കെയിലില്‍ പറയുന്ന നിരക്കുകള്‍ വാര്‍ഷിക ഇന്‍ക്രിമെന്‍റായി നല്‍കണം. 5 വർഷത്തെ സർവ്വീസിനും ഓരോ അധിക ഇൻക്രിമെന്റ് വീതം അടിസ്ഥാന ശമ്പളത്തിൽ ഉൾപ്പെടുത്തി നൽകണം.  ഇത് സുപ്രീം കോടതിയിലുള്ള ഹർജിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും.

ENGLISH SUMMARY:

The Kerala government has issued a significant draft notification revising the minimum wages for employees in the private hospital sector under the Code on Wages Act 2019. The new wage structure, effective retrospectively from October 1, 2022, categorizes staff into general, nursing, paramedical, and healthcare professional segments with updated salary scales. General Managers and Administrators now see a scale of ₹27,890 to ₹33,740, while staff nurses are allotted a range of ₹25,450 to ₹30,800. Additional allowances based on hospital bed capacity have been introduced, reaching up to a 50% increase for nurses in facilities with over 801 beds. The notification also mandates a dearness allowance of ₹60 for every point above the 195-point consumer index threshold and annual increments for all staff. This move follows intense protests by the United Nurses Association (UNA) and aim to address long-standing pay disparities in the private medical sector. However, the final implementation remains subject to pending legal proceedings in the Supreme Court regarding previous wage disputes.