മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ടത്തിൽ 178 വീടുകളാണ് അതിജീവിതർക്ക് നൽകുക. കൽപ്പറ്റയിൽ ഇന്ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും. ഏഴ് സെൻ്റിൽ ആയിരം സ്ക്വയർ ഫീറ്റിൽ ആണ് ഓരോ വീടും പണിതിരിക്കുന്നത്.
വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമ്പോൾ അവിടെ നടക്കുന്നത് പുനരധിവാസമല്ല, ജീവിതം പുനർനിർമിക്കുകയാണ്. 2024 ജൂലൈ 29 നാണ് ഒരിക്കലും മലയാളി മറക്കാത്ത വയനാട് ദുരന്തത്തിന്‍റെ ആരംഭം. കേരളത്തിൽ കരിനിഴൽ വീണ ദിനം. താണ്ഡവമാടി ഇരമ്പിയെത്തിയ പ്രകൃതി 298 മനുഷ്യ ജീവനുകളെയാണ് തട്ടിയെടുത്തത്. അതുവരെ അവർ അധ്വാനിച്ചു കെട്ടിപ്പടുത്ത ജീവിതത്തിലെ എല്ലാം നഷ്ടമായി. പകച്ചുനിന്നപ്പോൾ പക്ഷേ കേരള ജനത സ്നേഹത്തിന്‍റെ തണലിൽ നിന്നുകൊണ്ട് സംരക്ഷണത്തിന്‍റെ കരങ്ങൾ നീട്ടി. ആ കൈകളിൽ അവർ പിടിച്ചുകയറി.
എല്ലാം നഷ്ടപ്പെട്ടവർക്കായി ഒരു ജനത ഒന്നിച്ചപ്പോൾ പടുത്തുയർത്തിയ ഒരു സ്വപ്ന ലോകമാണിത്. ഉറ്റവരും ഉടയവരും പിന്നെ ജീവിതത്തിൽ സമ്പാദിച്ചതുമെല്ലാം നിമിഷനേരങ്ങൾക്കുള്ളിൽ നഷ്ടപ്പെട്ട ഒരു ജനതയുടെ അതിജീവനത്തിൻ്റെ നാൾവഴികളിലെ നാഴികക്കല്ലാണ് ഇന്ന്. 178 കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീടുകൾ കൈമാറും. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട് അവർ ഒന്നുമില്ലാത്തവരായി. പിന്നെ വാടകവീടുകളിൽ അഭയം തേടി. ഇപ്പോൾ നിറഞ്ഞ മനസ്സോടെ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങുകയാണ്. ഇതൊരു കേരള സ്റ്റോറി. ഇതാണ് കേരള സ്റ്റോറി.