കേരളം പിഎം ശ്രീയില്‍ ഒപ്പുവച്ചു . വിദ്യാഭ്യാസ സെക്രട്ടറിയാണ് ഒപ്പുവച്ചത് . ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. സിപിഐ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടിവരും. ഒരു ബ്ലോക്കില്‍ രണ്ട് സ്കൂളുകള്‍ പി.എം. ശ്രീയാകും. നീക്കത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടിരുന്നു. 

Also Read: പിഎം ശ്രീ പദ്ധതി: സിപിഐയുടെ ആശങ്ക പരിഗണിച്ചില്ല‌; മന്ത്രിസഭയില്‍ നാണക്കേട്


പിഎം ശ്രീ പദ്ധതിയിലെ വിയോജിപ്പും ആശങ്കയും ഉയർത്തിയ മന്ത്രിസഭായോഗത്തിൽ സിപിഐക്ക് ഉണ്ടായത് കനത്ത നാണക്കേടായിരുന്നു . മന്ത്രി കെ രാജൻ മന്ത്രിസഭായോഗത്തിൽ വിഷയമുയർത്തിയെങ്കിലും മന്ത്രിസഭ അതിനോട് പ്രതികരിച്ചില്ല. വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭയിലെ ഒരംഗം പോലും സിപിഐയുടെ വിയോജിപ്പിൽ ചെവി കൊടുത്തില്ല.

സിപിഐയുടെ ആശങ്ക പരിശോധിക്കാം എന്ന് മുഖ്യമന്ത്രി ഉൾപ്പെടെ ആരും മന്ത്രിസഭായോഗത്തിൽ പറയാതിരുന്നത് സിപിഐക്ക് കനത്ത നാണക്കേടായി. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പിഎം ശ്രീയിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന് നിലപാടെടുത്തത്. 

കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം ശ്രീയെ ചൊല്ലി കേരളത്തിലെ ഇടതുമുന്നണിയിൽ തർക്കം രൂക്ഷമായിരുന്നു. ‘ഒരു കാരണവശാലും ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കില്ല’ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള പദ്ധതി അംഗീകരിക്കുന്നത് ഇടതുപക്ഷത്തിന്റെ അടിസ്ഥാന നയങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള പിൻവാതിൽ നീക്കമാണെന്നും സിപിഐ ആരോപിക്കുന്നു. എന്നാൽ, പദ്ധതിയിൽ ചേർന്നില്ലെങ്കിൽ കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട കോടികളുടെ ഫണ്ട് നഷ്ടമാകുമെന്നാണ് സർക്കാർ വാദം. വിഷയം മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാരായ കെ. രാജനും പി. പ്രസാദും ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ പ്രതികരിച്ചില്ല.

ENGLISH SUMMARY:

PM Shri Kerala agreement has been signed. The central government has assured immediate funding, despite CPI opposition. The Kerala government will now have to adhere to the national education framework.