pm-shri

കനത്ത എതിര്‍പ്പുകള്‍ക്കും വിയോജിപ്പുകള്‍ക്കുമിടയില്‍ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കിയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി,പദ്ധതി നടപ്പിലാക്കുമെന്ന് അറിയിച്ചത്. തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുവെന്നും കരാറില്‍ ഒപ്പിടുന്നതിനായി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി സ്ഥിരീകരിച്ചു. വിദ്യാഭ്യാസ പദ്ധതികള്‍ക്കായി കേരളത്തിന് അര്‍ഹതപ്പെട്ട 1500 കോടി രൂപയുടെ കുടിശിക നേടിയെടുക്കാന്‍ ഇതേ മാര്‍ഗമുള്ളൂവെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയില്‍ ഒപ്പിടുന്നതിന് സിപിഎമ്മും പൊതുവിദ്യാഭ്യാസ വകുപ്പും അനുകൂലമായിരുന്നുവെങ്കിലും സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇതോടെ രണ്ടു തവണ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. ഇക്കുറി മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കുകയായിരുന്നു. സിപിഐയെ വിവരം അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

പിഎം ശ്രീയില്‍ ഒപ്പിട്ടാല്‍ കേന്ദ്ര വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പിലാക്കേണ്ടി വരുമെന്നും പദ്ധതി നടപ്പാക്കുന്ന സ്കൂളുകള്‍ക്ക് മുന്നില്‍ പിഎം ശ്രീ എന്ന് ബോര്‍ഡ് വയ്ക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തത്. പിഎം ശ്രീയില്‍ ഒപ്പിട്ടാലും സിലബസില്‍ നിന്ന് ചരിത്രവസ്തുതകള്‍ ഒഴിവാക്കുന്നതടക്കം കേരളം അംഗീകരിക്കാത്ത ഒരു കാര്യവും ഇവിടെ നടപ്പാക്കില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

ENGLISH SUMMARY:

PM Shri Scheme is set to be implemented in Kerala amidst strong opposition. The education minister has stated that the decision has been communicated to the central government and that the agreement is necessary to obtain pending funds.