holiday-school

സ്കൂളുകളുടെ വേനലവധി മഴക്കാല അവധിയാക്കിയാലോ? ജൂൺ - ജൂലൈ മാസങ്ങളിൽ സ്കൂളുകൾക്ക് അവധിനൽകുന്നത് പൊതു ചർച്ചക്ക് വെച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി . ഫേസ് ബുക്ക് പോസ്റ്റിലൂടെ മുന്നോട്ടു വെച്ച മഴക്കാല അവധിയെ അനുകൂലിച്ചും എതിർത്തും കമന്റുകൾ പ്രവഹിക്കുകയാണ്. 

ആശയം പൊതു ചർച്ചയാകട്ടെ എന്നു മന്ത്രി പറഞ്ഞു തീരും മുൻപ് ഫേസ് ബുക്കിൽ അനുകൂലിച്ചും എതിർത്തും കമന്റുകളുടെ പ്രവാഹമാണ്. ഇപ്പോൾ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴയും വെള്ളക്കെട്ടും കാരണം ഏറെ ദിവസങ്ങൾ സ്കൂളുകൾക്ക് അവധി നൽകേണ്ട സാഹചര്യമുണ്ട്. ഏതാനും മൺസൂൺ കാലങ്ങളിലായി ക്ലാസ്സുള്ള ദിവസങ്ങൾ കുറവും സ്കൂൾ അടഞ്ഞു കിടക്കുന്ന ദിവസങ്ങൾ കൂടുതലും എന്ന സ്ഥിതിയാണ്. 

മുൻകാലത്ത് കടുത്ത ചൂട് , ജലക്ഷാമം എന്നിവ പരിഗണിച്ചാണ് വേനലവധി നിലവിൽ വന്നത്. കാലാവസ്ഥാ മാറ്റം കൊണ്ടു വന്ന കടുത്ത മഴക്കാലങ്ങളാണ് സർക്കാരിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. എല്ലാവശങ്ങളും പരിഗണിച്ച് തീരുമാനമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.

ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് - ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.

ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ

വി ശിവൻകുട്ടി

ENGLISH SUMMARY:

School holidays Kerala are proposed to shift from April-May to June-July by Education Minister V. Sivankutty, seeking public opinion on the change. This aims to address issues like intense heat in summer and heavy rains during the monsoon, reflecting climate change impacts