കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്സിലാണ് സംസ്ഥാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പിന്നിലായത്. ചണ്ഡീഗഡും പഞ്ചാബും ഗുജറാത്തുമാണ് മുന്നില്‍.
സ്കൂള്‍ വിദ്യാഭ്യാസ രംഗത്തെ മികവ് കണ്ടെത്താനും പോരായ്മകള്‍ പരിഹരിക്കാനും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്സില്‍ കേരളമടക്കം ഒന്‍പത് സംസ്ഥാനങ്ങളാണ് പിന്നിലായത്. കേരളത്തിന് ആയിരത്തില്‍ 594 പോയിന്‍റ് ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇത് 601 ആയിരുന്നു. വിദ്യാഭ്യാസ രീതിയെ ആറ് മേഖലകളായി തിരിച്ചാണ് മാര്‍ക്ക് നല്‍കുന്നത്. ഇതില്‍ ഭരണരീതി എന്ന വിഭാഗത്തിലാണ് കേരളം ഏറെ പിന്നിലായത്. 18.4 പോയന്‍റിന്‍റെ കുറവ്.
വിദ്യാഭ്യാസ അവകാശ നിയമം, അധ്യാപക– വിദ്യാര്‍ഥി അനുപാതം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഉപയോഗം എന്നിയെല്ലാം ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. പോയന്‍റ് കുറഞ്ഞെങ്കിലും പട്ടികയില്‍ സംസ്ഥാനം അഞ്ചാംസ്ഥാനത്തുണ്ട്. 703 പോയിന്‍റ് നേടിയ ചണ്ഡീഗഡ് ആണ് ഏറ്റവും മുന്നില്‍. പഞ്ചാബ്, ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളും കേരളത്തിന് മുന്നിലാണ്. ഛത്തീസ്ഗഡ്, ബംഗാള്‍, കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ ഇടിവ് രേഖപ്പെടുത്തി. ഛത്തീസ്ഗഡിന് 38 പോയിന്‍റാണ് കുറഞ്ഞത്.