കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചതോടെ സംസ്ഥാന സര്‍ക്കാന്‍ വന്‍പ്രതിസന്ധിയില്‍. പ്രവേശനം വൈകുന്നത് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ വലക്കും. പഴയ ഏകീകരണ രീതിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചാല്‍ അത് സര്‍ക്കാരിന്‍റേയും പ്രവേശനപരീക്ഷാ കമ്മിഷണറേറ്റിന്‍റേയും വിശ്വാസ്യത നഷ്ടമാകുന്നത് വഴിവെക്കും.
പ്രവേശന പരീക്ഷകഴിഞ്ഞ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്‍റെ തലേന്ന് മാര്‍ക്ക് ഏകീകരണ ഫോര്‍മുല മാറ്റിയത് എന്തിനാണ്? സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് പുതിയ ഏകീകരണ ഫോര്‍മുല തിരിച്ചടിയായില്ലെ? കോടതിയുടെ ഈ ചോദ്യങ്ങള്‍ക്കു മുന്നില്‍ യുക്തിസഹമായ ഉത്തരമില്ലാതെ നില്‍ക്കുകയാണ് സര്‍ക്കാര്‍. കീം റാങ്ക് പട്ടിക റദ്ദുചെയ്ത സിംഗിള്‍ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചതോടെ ഇനി സര്‍ക്കാരിന് മുന്നില്‍ രണ്ടുവഴികളാണുള്ളത്.ഒന്ന് അപ്പീലിന് പോകുക. മറ്റൊന്ന് പഴയ ഏകീകരണ രീതി പിന്തുടര്‍ന്ന് പുതിയറാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ഏതായാലും പ്രവേശന പ്രക്രിയ വൈകാനിടയുണ്ട്.
പ്ലസ് ടു മാര്‍ക്ക് കണക്കിലെടുക്കാതെ പ്രവേശന പരീക്ഷയുടെ മാര്‍ക്കുമാത്രം അടിസ്ഥാനമാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചുകൂടെ എന്ന ചോദ്യവും ഉയരുന്നു. ഒരുവര്‍ഷത്തോളം വെച്ചുതാമസിപ്പിച്ച് അവസാന നിമിഷം മാര്‍ക്ക് ഏകീകരണത്തിന് പുതിയ രീതി കൊണ്ടു വരുമ്പോള്‍ ഉണ്ടാകാനിടയുള്ള നിയമ കുരുക്കിനെകുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പ് സെക്രട്ടറിക്കോ പ്രവേശ പരീക്ഷാ കമ്മിഷണര്‍ക്കോ അറിയാമായിരുന്നില്ലേ എന്ന ചോദ്യത്തിനാണ് ഉത്തരം വേണ്ടത്.