പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിയുടെ കൺമുന്നിലെ സർക്കാർ നഴ്സിങ് കോളജിന് മുന്നിൽ ഉപരോധസമരവുമായി വിദ്യാർത്ഥികൾ. ഇവിടുത്തെ കോഴ്സിന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരമായില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ അടക്കം കഴിഞ്ഞവർഷം നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. രണ്ടര ഏക്കർ കാമ്പസ് വേണമെന്ന നിബന്ധന ഉള്ളിടത്ത് നഗരത്തിലെ കുടുസുമുറിയിലാണ് കോളജ് പ്രവർത്തനം
ചതി പറ്റി പോയെന്ന് 118 വിദ്യാർത്ഥികൾ പറയുന്നു. നഗരത്തിലെ കുടുസു മുറിയിലാണ് കോളജ് . ബസ്സില്ലെങ്കിലും ബസ് ഫീസ് ഉണ്ട്. ഹോസ്റ്റൽ ഇല്ല. അനാട്ടമി പഠനത്തിന് കയ്യിൽ നിന്ന് കാശുമുടക്കി കോന്നി മെഡിക്കൽ കോളജിൽ പോകണം. പ്രായോഗിക പരിശീലനം കോട്ടയം മെഡിക്കൽ കോളേജിൽ . ആദ്യ ബാച്ച് അടുത്തവർഷം ഇറങ്ങാനിരിക്കെ നഴ്സിങ് കൗൺസിൽ അംഗീകാരമില്ലാത്തതിനാൽ ജോലി തുലാസിൽ. ഒരു വർഷത്തിനകം എല്ലാം ഉറപ്പെന്ന് കഴിഞ്ഞവർഷം ആരോഗ്യ വകുപ്പ് ഉന്നതർ പറഞ്ഞതാണ്. മന്ത്രിയടക്കം പറഞ്ഞു പറ്റിച്ചു എന്ന് വിദ്യാർത്ഥികൾ . സഹികെട്ടാണ് പ്രതിഷേധത്തിന് ഇറങ്ങിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
അംഗീകാരമില്ലാത്തതിനാൽ വിദ്യാഭ്യാസ വായ്പ പോലും മിക്കവർക്കും കിട്ടിയില്ല. സൗകര്യങ്ങൾ ഇല്ലാത്തതിനാൽ താമസത്തിനും യാത്രയ്ക്കും വലിയ ചെലവ് വന്നിട്ടുണ്ട്. കോളജ് മലയാലപ്പുഴയിലെ കെട്ടിടത്തിലേക്ക് മാറ്റാമെന്ന് ഒരു ഉറപ്പുണ്ടായിരുന്നു .അതും നടന്നില്ല. ഇനി ഒരു ഉറപ്പും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ