ഐടിഐയോ? അത് എന്‍ജിനീയറിങ്ങിനും പോളി ടെക്നിക്കിലും ഒന്നും അഡ്മിഷന്‍ കിട്ടാത്തവര്‍ പോകുന്ന സ്ഥലമല്ലേ? എപ്പോഴും കേള്‍ക്കുന്ന ചോദ്യമാണിത്. ഐടിഐ എന്നാല്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്. അഭിരുചിയുള്ള കുട്ടികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ജോലി ഉറപ്പാക്കാന്‍ കഴിയുന്ന തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന ഇടം. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും ഐടിഐകളുണ്ട്. അതില്‍ ആറുപതിറ്റാണ്ടുകാലത്തെ പാരമ്പര്യമുള്ള, കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നാണ് എറണാകുളം കളമശേരിയിലെ ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്.
1965ല്‍ വരാപ്പുഴ അതിരൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. ഐടിഐ എന്ന നിലയില്‍ നിന്ന് ആഗോളതലത്തിലുള്ള തൊഴില്‍ ദാതാക്കള്‍ വരെ ഉറ്റുനോക്കുന്ന സ്റ്റേറ്റ് ഓഫ് ദ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ആയി എല്‍എഫ് മാറിക്കഴിഞ്ഞു. എന്‍ജിനീയറിങ് ബിരുദവും ഡിപ്ലോമയും നേടിയവര്‍ വരെ ഇവിടെ വിദഗ്ധപരിശീലനത്തിന് എത്തുന്നു. തൊഴില്‍ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു എന്നതുതന്നെയാണ് ഇവരുടെയെല്ലാം മുഖ്യ ആകര്‍ഷണം. ഒരുമാസം മുതല്‍ രണ്ടുവര്‍ഷം വരെ ദൈര്‍ഘ്യമുള്ളതാണ് കോഴ്സുകള്‍. സ്കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും 21 വയസ് കഴിഞ്ഞവരാണെങ്കില്‍ ഒരുമാസത്തെ കോഴ്സ് വഴി വിദേശത്ത് ജോലി നേടാമെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.
ഇ.വി. അഥവാ ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം നിരത്തുകള്‍ കീഴടക്കുകയാണ്. അത് മുന്‍കൂട്ടിക്കണ്ടാണ് ബൃഹത്തായ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ റിസര്‍ച്ച് ഹബ് ആരംഭിച്ചത്. അസാപ് സര്‍ട്ടിഫിക്കേഷനുള്ള ഇവി ടെക്നീഷ്യന്‍, പൈപ്പിങ് ആന്‍ഡ് സ്ട്രക്ചറല്‍ എന്‍ജിനീയറിങ് തുടങ്ങി ഈ രംഗത്ത് നൈപുണ്യം ഉറപ്പാക്കുന്ന നൂതന കോഴ്സുകള്‍ ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിങ് ഇന്‍സ്റ്റ്യൂട്ട് നടപ്പാക്കുന്നു. പത്താംക്ലാസ് പാസായവര്‍ക്കും പാസാകാത്തവര്‍ക്കും വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ തൊഴിലവസരം തുറക്കുന്നതാണ് ഇവ.
പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിയോ പ്രഫഷണല്‍ ഡിഗ്രിയോ വേണമെന്ന നിര്‍ബന്ധത്തില്‍ നിന്ന് കുട്ടികള്‍ തന്നെ മാറുകയാണ്. സ്വന്തം അഭിരുചിയും താല്‍പര്യവും അനുസരിച്ചുള്ള കോഴ്സുകളാണ് മിക്കവരുടെയും ലക്ഷ്യം. അതും വേഗത്തില്‍ ജോലി ഉറപ്പാക്കാന്‍ സഹായിക്കുന്ന കോഴ്സുകളിലാണ് ഏറ്റവും ശ്രദ്ധ. അത്തരത്തിലുള്ള കോഴ്സുകളിലൂടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്ത് പുതിയ പാത തെളിക്കുകയാണ് ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്.