മെഡിക്കല്‍ പിജി പ്രവേശന പരീക്ഷ ഓഗസ്റ്റ് മൂന്നിന് നടത്താന്‍ സുപ്രീംകോടതി അനുമതി. ഒറ്റ ഷിഫ്റ്റായി ഓഗസ്റ്റ് മൂന്നിന് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന നാഷനല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതൃപ്തിയുണ്ടെങ്കിലും ആവശ്യം അംഗീകരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. മേയ് 30നാണ് ഒറ്റ ഷിഫ്റ്റായി പരീക്ഷ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
ജൂണ്‍ 15ന് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്താനായിരുന്നു നേരത്തെ എന്‍ബിഇ തീരുമാനിച്ചിരുന്നത്. ഒറ്റ ഷിഫ്റ്റായി പരീക്ഷ നടത്താന്‍ കോടതി നിര്‍ദേശം 250 നഗരങ്ങളിലായി ആയിരത്തിലധികം സെന്‍ററുകള്‍ വേണ്ടി വരുമെന്നും ഇന്‍വിജിലേറ്റര്‍മാരായും സിസ്റ്റം ഓപറേറ്റര്‍മാരായും സുരക്ഷാ ഉദ്യോഗസ്ഥരായുമെല്ലാം 60,000ത്തോളം പേരെ നിയമിക്കേണ്ടതിനാല്‍ സമയം കൂടുതല്‍ അനുവദിക്കണമെന്ന് എന്‍ബിഇ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 11 രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്. രാവിലെ ഒന്‍പത് മുതല്‍ 12.30 വരെയും 3.30 മുതല്‍ 7 വരെയുമായിരുന്നു പരീക്ഷ. രണ്ട് ഷിഫ്റ്റുകളില്‍ രണ്ട് ചോദ്യപേപ്പര്‍ ആണെന്നതിനാല്‍ തന്നെ വിദ്യാര്‍ഥികളുടെ പ്രകടനത്തെ ഇത് ബാധിക്കുമെന്ന് പരാതി ഉയര്‍ന്നിരുന്നു. പരീക്ഷയുടെ നടത്തിപ്പിനെ കുറിച്ചും സുതാര്യതയെ കുറിച്ചും ചില വിദ്യാര്‍ഥികള്‍ പരാതി ഉന്നയിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. നീറ്റ് പിജി പരീക്ഷയുടെ ആന്‍സര്‍ കീ, സ്കോര്‍, ഫലം എന്നിവ രണ്ട് ഷിഫ്റ്റുകളിലെയും പുറത്തുവിടാന്‍ എന്‍ബിഇ തയ്യാറാകണമെന്നും ഹര്‍ജിക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതു വരെ കൗണ്‍സിലിങ് നിര്‍ത്തി വയ്ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു.