മലബാറില്‍ ഇത്തവണയും പ്ലസ് വണ്‍ സീറ്റില്‍ പ്രതിസന്ധി. അടുത്ത രണ്ട് അലോട്മെന്റുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം പൂർത്തിയായാലും വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ 92,394 കുട്ടികള്‍ പുറത്തുനില്‍ക്കേണ്ടി വരും. മലപ്പുറം, കോഴിക്കോട് ജില്ലകളിലാകും ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവപ്പെടുക.
തിങ്കളാഴ്ച ആദ്യ അലോട്‌മെന്‍റ് പ്രസിദ്ധീകരിച്ചതോടെ കഴിഞ്ഞവര്‍ഷത്തിന് സമാനമായി ഇത്തവണയും സീറ്റുകിട്ടാതെ കുട്ടികള്‍ പുറത്ത് നില്‍ക്കേണ്ടി വരും. കോഴിക്കോട് ജില്ലയില്‍ മാത്രം 24,398 കുട്ടികളാണ് പുറത്തുനില്‍ക്കുന്നത്. അടുത്ത രണ്ട് അലോട്‍മെന്‍റുകളില്‍ 7608 പേർക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നൽകിയാലും പ്രതിസന്ധി തീരുന്നില്ല. 16,790 പേർ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കേണ്ടിവരും. മലപ്പുറത്ത് 41932 പേര്‍ക്കും സീറ്റ് ലഭിക്കില്ല. ജില്ലയില്‍ 82498 പേരാണ് അപേക്ഷിച്ചത്. ആകെയുള്ള സീറ്റുകളുടെ എണ്ണം 57283 ആണ്. ആദ്യ അലോട്‌മെന്‍റിന് ശേഷം ഒഴിവുള്ള 17067 സീറ്റുകളില്‍ പ്രവേശനം നടത്തിയാലും 24865 കുട്ടികള്‍ പുറത്താവും.
കണ്ണൂരില്‍ 37988 പേരാണ് അപേക്ഷിച്ചത്. അലോട്‌മെന്‍റുകള്‍ പൂര്‍ത്തിയായാല്‍ കണക്കുപ്രകാരം ജില്ലയില്‍ 9398 പേര്‍ക്ക് സീറ്റ് ലഭിക്കില്ല. കാസര്‍ക്കോട് 4018 കുട്ടികള്‍ക്കും പ്രവേശനം ലഭിക്കാതെ വരും. കോഴിക്കോട് ജില്ലയില്‍ 4494 പേരാണ് മറ്റുജില്ലകളില്‍ അപേക്ഷിച്ചത്. മലപ്പുറത്ത് 8096 പേരും കണ്ണൂര്‍ 2310, കാസര്‍കോട് 889 പേരും മറ്റുജില്ലകളില്‍ നിന്നുള്ള അപേക്ഷകരാണ്.