സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവ് വിജയശതമാനത്തിലുണ്ടായി. 4,26, 697 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4,24583 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 61449 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ റവന്യൂ ജില്ലയും കുറവ് തിരുവനന്തപുരവുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസുകാര്‍. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ നൂറുമേനി വിജയം നേടി.
പുനർ മൂല്യനിർണയം സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം. സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ അഞ്ച് വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.വിജയശതമാനം കുറഞ്ഞ 10 സർക്കാർ എയ്ഡഡ് സ്കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർക്കാണ് അന്വേഷണച്ചുമതല. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
pareekshabhavan.kerala.gov.in, sslcexam. keraka.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്. മാര്‍ച്ച് 26 നാണ് പരീക്ഷ അവസാനിച്ചത്. ഒന്നരമാസം കൊണ്ട് മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.