പ്രമുഖ കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം. കവിതയും നോവലും ചലച്ചിത്ര ഗാനങ്ങളും ഉൾപ്പെടെ സാഹിത്യത്തിന് നൽകിയ അതുല്യമായ സംഭാവനകൾ മാനിച്ചാണ് പുരസ്‌കാരം. തമിഴ് സാഹിത്യത്തിലേക്ക് ദശാബ്ദങ്ങൾക്ക് ശേഷമാണ് ഈ പരമോന്നത അംഗീകാരം വീണ്ടും എത്തുന്നത്.
1972-ൽ പ്രസിദ്ധീകരിച്ച 'വൈകരൈ മേഘങ്ങൾ' എന്ന കവിതാസമാഹാരത്തിലൂടെയാണ് വൈരമുത്തു തന്റെ സാഹിത്യ യാത്ര ആരംഭിച്ചത്. കവിതകളും നോവലുകളുമായി 40-ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വൈരമുത്തു ഏകദേശം 7,500-ഓളം ഗാനങ്ങളാണ് വെള്ളിത്തിരയ്ക്കായി രചിച്ചത്. ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം ഏഴ് തവണ നേടിയ ഇന്ത്യയിലെ ഏക വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്.
2003-ൽ 'കള്ളിക്കാട്ട് ഇതിഹാസം' എന്ന വിഖ്യാത കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സാഹിത്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കായി രാജ്യം അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനാണ് വൈരമുത്തു. ഇതിന് മുൻപ് അഖിലൻ (1975), ജയകാന്തൻ (2002) എന്നിവർക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്.