ട്രംപ് അധികാരത്തിലേറിയ ശേഷം ഇമിഗ്രേഷന്‍ നിയങ്ങള്‍ കര്‍ശനമാക്കിയതും ഒട്ടേറെ രാജ്യാന്തര വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കിയതും വിദേശ പഠനം സ്വപ്നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പഠനം കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ജോലി കണ്ടെത്തി യുഎസില്‍ തുടരാന്‍ അനുവദിക്കുന്ന ഒപിടി പദ്ധതി അവസാനിപ്പിക്കാനും നീക്കം തുടങ്ങിയതോടെ മറ്റുമാര്‍ഗങ്ങള്‍ തേടുകയാണ് വിദ്യാര്‍ഥികള്‍.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിരിച്ച് 42 ശതമാനം രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കും ഇപ്പോള്‍ യുഎസ് പ്രഥമ പരിഗണനയല്ല. വീസ വൈകുന്നതും, സുരക്ഷയും, രാഷ്ട്രീയ അസ്ഥിരതയുമാണ് ഇതിന്റെ കാരണങ്ങളായി വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. യുഎസ് ഇപ്പോഴും വിദ്യാര്‍ഥികളെ ആകര്ഷിക്കുന്നുണ്ടെങ്കിലും അമേരിക്കയിലെ സാഹചര്യങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ മുമ്പത്തേക്കാള്‍ ബോധവാന്മാരാണ്. അമേരിക്കയോടൊപ്പം മറ്റ് രാജ്യങ്ങളിലെ സാധ്യതകളും താരതമ്യം ചെയ്താണ് വിദ്യാര്‍ഥികള്‍ തീരുമാനങ്ങളെടുക്കന്നതെന്ന് വൺസ്റ്റെപ്പ് ഗ്ലോബലിന്റെ സ്ഥാപകയും ഡയറക്ടറുമായ അരിത്ര ഘോഷാൽ ഫിനാന്‍ഷ്യല്‍ എക്സ്പ്രസിനോട് പറഞ്ഞു.
യുഎസ് അല്ലെങ്കില്‍ പിന്നെ?
ഇന്ന് വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക ഒരു ഓപ്ഷന് മാത്രമാണ്. ജര്‍മ്മനി, ഫ്രാന്‍സ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ വിദേശ പഠനത്തിനള്ള മികച്ച ഇടങ്ങളായി വിദ്യാര്‍ഥികള്‍ പരിഗണിക്കുന്നു. മികച്ച വിദ്യാഭ്യാസ സമ്പ്രദായവും സുഗമമായ ഇമിഗ്രേഷന്‍ നടപടികളും ഉറച്ച ജോലി സാധ്യതകളുമാണ് ഈ രാജ്യങ്ങളോടുള്ള വിദ്യാര്‍ഥികളുടെ പ്രിയം വര്‍ധിക്കാന്‍ കാരണം.
എന്‍ജിനീയറിങ് അപ്ലൈഡ് സയൻസസ് മേഖലകളിൽ കുറഞ്ഞ ട്യൂഷന് ഫീ, ആഗോളതലത്തിലെ പ്രശസ്തി എന്നിവ കാരണമാണ് വിദ്യാര്‍ഥികള്‍ ജര്‍മ്മനിയിലേക്ക് പറക്കുന്നത്. താങ്ങാനാവുന്നതോ അല്ലെങ്കില്‍ സൗജന്യമായ വിദ്യാഭ്യാസം കാരണം 2022 നും 2024 നും ഇടയിൽ ജർമ്മനിയിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ 68% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ ഏറ്റവും പ്രശസ്തവും ജര്‍മനിയാണ്. DAAD കണക്കുകൾ പ്രകാരം നിലവിൽ ഏകദേശം 405,000 രാജ്യാന്തര വിദ്യാർഥികൾ ജർമ്മൻ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. ഈ വിദേശ വിദ്യാർഥികളിൽ തന്നെ ഭൂരിഭാഗവും ഇന്ത്യക്കാരാണ്, ഏകദേശം 50,000 പേർ.
ബിസിനസ്സ്, ഡിസൈൻ, ആരോഗ്യ മേഖലകളിലെ പഠനം എന്നിവയ്ക്ക് ഫ്രാന്‍സാണ് വിദ്യാര്‍ഥികള്‍ക്കിടയിലെ മികച്ച ഓപ്ഷന്. കമ്പ്യൂട്ടർ സാങ്കേതികവിദ്യയിലും ലൈഫ് സയൻസസിലും അയർലൻഡും ഇഷ്ട രാജ്യമാണ്. കൂടാതെ ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും വിദ്യാര്‍ഥികള്‍ ചേക്കേറുന്നുണ്ട്. ന്യൂസിലന്‍ഡിലേക്കുള്ള അപേക്ഷകളിലാകട്ടെ 354 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. യുഎസിനെയും യുകെയെയും അപേക്ഷിച്ച് ന്യൂസിലൻഡ് കൂടുതൽ സുരക്ഷിതമാണെന്ന് വിദ്യാര്‍ഥികള്‍ കരുതുന്നു. ധനകാര്യം, നിയമം, വൈദ്യശാസ്ത്രം എന്നീ മേഖലകളിലെ ഓസ്ട്രേലിയ, അയർലൻഡ് എന്നിവ മുന്നില്‍ നില്‍ക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങളോടുള്ള പ്രിയം വര്‍ധിക്കുമ്പോഴും സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് (STEM) എന്നീ മേഖലകളിലെ വിദ്യാഭ്യാസം, ഗവേഷണം, കരിയര്‍ എന്നിവയ്ക്ക് യുഎസ് ഇപ്പോളും മുന്നിലുണ്ട്. കാനഡയോടുള്ള പ്രിയം കുറഞ്ഞിട്ടില്ലെങ്കിലും വീസ വൈകുന്നതും താമസ സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ടും വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയിലെ വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് ‘അമേരിക്കന്‍ സ്വപ്നം’ ഇന്നില്ല. കാരണം ഓപ്ഷനുകളും ചോയിസും അനവധിയാണ്. റഷ്യ ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങള്‍ വിദ്യാര്‍ഥികളുടെ ലിസ്റ്റിലുണ്ട്.