Image Credit: Meta AI Generated Image
നാലുവര്‍ഷ ബിരുദ കോഴ്സ് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുന്നു. രണ്ടാം സെമസ്റ്റര്‍ പൂര്‍ത്തിയായി. ഫലം മേയ് മാസം തന്നെ പ്രസിദ്ധീകരിക്കും. പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കും മുന്‍പ് കോഴ്സിന്‍റെ ഇതുവരെയുള്ള നടത്തിപ്പും ഇനി എങ്ങിനെ മുന്നോട്ട് പോകണം എന്ന് ആലോചിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സര്‍വകലാശാലകളുടെ പ്രതിനിധികളും പങ്കെടുത്ത യോഗം ചേര്‍ന്നു.
കോഴ്സും മാറാം കോളജും
മേജര്‍വിഷയം, കോളജ് , സര്‍വകലാശാല എന്നിവയില്‍മാറ്റം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആ പ്രക്രിയ എളുപ്പമാക്കാന്‍ പ്രവര്‍ത്തന മാനദണ്ഡം (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംങ് പ്രൊസീജിയര്‍) നിലവില്‍ വരും. ഓരോ സര്‍വകലാശാലയും ഇതു സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കും. മൈനറായോ മള്‍ട്ടി ഡിസിപ്ളിനറി കോഴ്സിലോ പഠിക്കുന്ന വിഷയങ്ങളിലേക്കാണ് മാറ്റം അനുവദിക്കുക. ആദ്യരണ്ട് സെമസ്റ്ററുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും വിജയിച്ച വിദ്യാര്‍ഥികള്‍ക്കാണ് അന്തര്‍ വര്‍വകലാശാല മാറ്റം അനുവദിക്കുക.
ഒരേ കലണ്ടര്‍
ഏകീകൃത അക്കാദമിക്ക് കലണ്ടര്‍ പ്രസിദ്ധീകരിച്ചതോടെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും നാലുവര്‍ഷ ബിരുദത്തിന്‍റെ പ്രവേശനം മുതല്‍ പരീക്ഷവരെ ഒരേ കാലക്രമത്തില്‍ നടത്താനാവും. ക്ലാസുകള്‍ , പരീക്ഷ , ഫലപ്രഖ്യാപനം ഇവ കൃത്യമായി മന്നോട്ട് കൊണ്ടുപോകാനാണ് ഏകീകൃത കലണ്ടര്‍.
അധ്യാപകര്‍ക്കും വേണം പഠനം
അധ്യാപക പരീശീലനത്തിനും വിപുലമായ പദ്ധതിയാണ് ഒരുങ്ങുന്നത്. നാലുവര്‍ഷ ബിരുദത്തിന്‍റെ അടിസ്ഥാന അക്കാദമിക മൂല്യങ്ങള്‍ ഉറപ്പിക്കും വിധമാകും പരിശീലനപരിപാടി. കോളജ് വിദ്യാഭ്യാസ വകുപ്പും സര്‍വകലാശാലകളും സംയുക്തമായാകും പരിശീലനം നല്‍കുക. മാസ്റ്റര്‍ ട്രയിനര്‍മാരുടെ നേതൃത്വത്തിലാണ് പരിശീലനം നടപ്പാക്കുക.
പുത്തന്‍കോഴ്സുകള്‍ വരുന്നു
ഈ അധ്യയന വര്‍ഷം പുതിയ കോഴ്സുകളും ഉണ്ടാകും. രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ ലഭ്യമായ കോഴ്സുകള്‍ കേരളത്തില്‍ തുടങ്ങുകയണ് ലക്ഷ്യം. പ്ളസ് 2 ഫലം വന്നശേഷം ജൂലൈയില്‍ ബിരുദ ക്ലാസുകള്‍ തുടങ്ങാനാകുന്ന വിധം പ്രവേശ നടപടികള്‍ ക്രമീകരിക്കും.