പി എം ശ്രീ പദ്ധതി ഒപ്പിട്ടാൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര  ഫണ്ട് ഇതുവരെ വന്നില്ല. ഫണ്ട് വൈകുന്നതിൽ  വിദ്യാഭ്യാസ വകുപ്പിന് ആശങ്കയുണ്ട്. പദ്ധതിയിൽ ഒപ്പിട്ടാൽ തടഞ്ഞുവെച്ച 971 കോടി രൂപയുടെ സമഗ്രശിക്ഷാ അഭിയാൻ ഫണ്ട് അനുവദിക്കാം എന്നായിരുന്നു കേന്ദ്രം ഇതു വരെ പറഞ്ഞിരുന്നത്.   വിശദമായ പ്രൊപ്പോസലും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു. എന്നാൽ  പി എം ശ്രീ ഒപ്പിട്ടിട്ടും നടപടികൾ പൂർത്തീകരച്ചിട്ടും രണ്ട് ദിവസമായിട്ടും  പണം ലഭിച്ചിട്ടില്ല. ഫണ്ട് കിട്ടാൻ  താമസിച്ചാൽ അത് വിദ്യാഭ്യാസ വകുപ്പിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ സിപിഐ യും പ്രതിപക്ഷവും ഇത് ആയുധമാക്കാൻ സാധ്യതയുണ്ട്.

അതേസമയം വിഷയത്തില്‍ ഉടക്കി നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും . സിപിഐ ഉടക്കി നില്‍ക്കുന്നതിനിടെ പിഎം ശ്രീ ചര്‍ച്ച ചെയ്യാന്‍ സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിക്കാന്‍ ഇന്നലെയാണ് തീരുമാനിച്ചത്. രാവിലെ പത്തുമണിക്ക് എകെജി സെന്‍ററിലാണ് യോഗം. സെക്രട്ടറിയേറ്റ് യോഗം വിളിക്കാന്‍ ഇന്നലെ  വൈകിട്ട് ധാരണയായെങ്കിലും  മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇന്ന്  ചേരുന്നത് അന്തിമമാക്കിയത്. 

ENGLISH SUMMARY:

PM Sree Scheme funding delays are causing concern for the Kerala education department. The delay in receiving promised central funds could exacerbate existing challenges.