കറുപ്പാണെങ്കിലും കാണാൻ സുന്ദരിയാണ്, ഇങ്ങനെ നമ്മൾ എത്ര തവണ കേട്ടിട്ടുണ്ട്? ഒരു കാലത്ത് കറുപ്പ് സൗന്ദര്യത്തിന്‍റെ മാനദണ്ഡമായിരുന്നില്ല. സിനിമകളും പരസ്യങ്ങളും വെളുപ്പിനെ ‘ഐഡിയൽ ബ്യൂട്ടി’ ആയി സ്ഥാപിച്ച കാലമുണ്ടായിരുന്നു. ഫെയർനെസ് ക്രീം പരസ്യങ്ങൾ, കല്യാണ പരസ്യങ്ങള്‍, ഹീറോയിൻ കാസ്റ്റിങ്ങുകൾ എല്ലാം ഈ സന്ദേശം തന്നു.
പക്ഷേ ഇന്ന് കഥ മാറുകയാണ്. ഡാർക്ക്, ഡസ്കി, ചോക്ലേറ്റ് സ്കിൻ ടൈപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. ഇൻസ്റ്റഗ്രാം റീലുകളിലും ഫാഷൻ ഫോട്ടോഗ്രഫിയിലും മെലാനിൻ-റിച്ച് സ്കിൻ ഒരു ഏസ്തെറ്റിക് ആയി മാറി. സൗന്ദര്യ സങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ക്കുന്നതില്‍ സോഷ്യൽ മീഡിയ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന്, ഒരു ഫോൺ മതി. കാസ്റ്റിങ് ഡയറക്ടേഴ്സിന്‍റേയോ ബ്യൂട്ടി ബ്രാന്‍ഡുകളുടേയോ അപ്രൂവൽ ഇല്ലാതെ തങ്ങളുടെ മുഖവും നിറവും ലോകത്തിന് മുന്നിൽ എത്തിക്കാം. ഇതോടെ സാധാരണക്കാരും ഇൻഫ്ലുവൻസർമാരായി. ഡാർക്ക് സ്കിൻ ഉള്ള മോഡലുകളും ക്രിയേറ്റേഴ്സും വൈറലാകാൻ തുടങ്ങി.
ഇതോടൊപ്പം ഗ്ലോബൽ പോപ്പ് കൾച്ചറും വലിയ പങ്കുവഹിച്ചു. അനോക് യായ് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മോഡലാണ്. റിയാന തന്‍റെ ഫെന്‍റി ബ്യൂട്ടി ബ്രാൻഡിൽ എല്ലാ സ്കിൻ ടോണുകൾക്കും ഷേഡുകൾ നൽകി. ബിയോൺസെ ‘ബ്രൗണ്‍ സ്കിന്‍ ഗേള്‍’ പോലുള്ള ഗാനങ്ങളിലൂടെ ഡാർക്ക് സ്കിനെ ആഘോഷിച്ചു. സെന്‍ഡയയെ പോലുള്ള സെലിബ്രിറ്റികള്‍ ബ്യൂട്ടി സ്റ്റാന്‍ഡേഴ്സിന് പുതിയ നിര്‍വചനം നല്‍കി. ഇതിന്‍റെ സ്വാധീനം ഇന്ത്യയിലേക്കും എത്തി. ഇപ്പോൾ ഇന്ത്യൻ ഫാഷൻ ക്യാമ്പയിനുകളിലും ഡാർക്ക്, ഡസ്കി മോഡലുകളുണ്ട്.
ഭാഷാപ്രയോഗങ്ങളില്‍ പോലും ഈ മാറ്റം വന്നു. ‘അൺഫെയർ’ എന്ന വാക്ക് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നു. പകരം ചോക്ലേറ്റ്, കാരമൽ, മെലാനിൻ എന്നിവയാണ് ഉപയോഗിക്കുന്നത്. ഇത് വെറും വാക്കുകളുടെ മാറ്റമല്ല, മാറിയ ചിന്തയുടേത് കൂടിയാണ്. യഥാര്‍ഥത്തില്‍ ഡാർക്ക് സ്കിൻഒരു ട്രെൻഡായി വന്നതല്ല. കാലങ്ങളായി മറച്ചുവച്ച ഒരു സൗന്ദര്യം ഇപ്പോൾ വെളിച്ചത്തിലേക്ക് വന്നതാണ്. പുതിയ തലമുറ പറയുന്നു, ‘ഞങ്ങളുടെ നിറം ശരിയാക്കേണ്ട. അത് തന്നെയാണ് ഞങ്ങളുടെ ഐഡന്റിറ്റി'.