Image Credit : Instagram
ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ സഹോദരിയുമായ സോഹ അലി ഖാന്‍ പങ്കുവച്ച ഒരു റീലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഒരു ദിവസം തുടങ്ങുന്നത് ഒരു കഷ്ണം വെളുത്തുളളിയില്‍ നിന്നാണ് എന്നാണ് സോഹ വെളിപ്പെടുത്തിയിരിക്കുന്നത്. തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം രാവിലെയുളള ഈ ശീലമാണെന്നും സോഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സോഹയുടെ കുറിപ്പ് ഇങ്ങനെ..'കഴിഞ്ഞ കുറച്ച് ആഴ്ചകളായി വെറും വയറ്റില്‍ ഒരു അല്ലി പച്ചവെളുത്തുളളി കഴിച്ചുകൊണ്ടാണ് ഞാന്‍ ഒരുദിവസം തുടങ്ങുന്നത്. എന്തുകൊണ്ടെന്നാല്‍ ഈ ചെറിയ അല്ലി വെളുത്തുളളി രോഗപ്രതിരോധ ശേഷി, കുടലിന്റെ ആരോഗ്യം, നീരുവീഴ്ച, ശരീരത്തിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥ എന്നിവയുടെ ശക്തികേന്ദ്രമാണ്. ഇത് പഴയകാലത്തെ അറിവാണ്..എന്നാല്‍ ഇന്നും അതിന്റെ പ്രാധാന്യം നിലനിൽക്കുന്നു'.
'ഞാന്‍ ഒരു ചെറിയ അല്ലി വെളുത്തുളളി രാവിലെ വെറും വയറ്റില്‍ നല്ലപോലെ ചവച്ചരച്ച് കഴിക്കും. വെളുത്തുളളിയിലെ അലിസിന്‍ എന്ന സംയുക്തം ലഭിക്കാന്‍ കഴിയുന്നത്ര നേരം ചവയ്ക്കും. പിന്നീട് അല്‍പം വെളളത്തോടൊപ്പം വിഴുങ്ങും. ഇങ്ങനെ ചവച്ചരച്ച് നിങ്ങള്‍ക്ക് കഴിക്കാന്‍ കഴിയില്ലെങ്കില്‍ നല്ലപോലെ ചതച്ച് ഒരു പത്തുമിനിറ്റ് നേരം വെച്ചശേഷം കഴിക്കാമെന്നും' സോഹ കുറിച്ചു. അതേസമയം ഇത് എല്ലാവര്‍ക്കും ചെയ്യാനാവില്ലെന്നും വയറിന് അസ്വസ്ഥതകള്‍ ഉള്ളവരും ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവരുമെല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ചെയ്താല്‍ മതിയെന്നും സോഹ കുറിച്ചു.