mursi-tribe

Image Credit : Youtube

ഞെട്ടിക്കുന്ന പല ഗോത്രാചാരങ്ങളും ലോകത്ത് ഇന്നും നിലനില്‍ക്കുന്നുണ്ട്. മുഖത്തും ശരീരത്തും പച്ചകുത്തുന്നത് മുതല്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടിന്‍റെ സൂചകമായി വിരല്‍ മുറിക്കുന്ന ആചാരം വരെ ചില ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഇന്നും അനുഷ്ടിച്ചുപോരുന്നു. അക്കൂട്ടത്തില്‍ ഒന്നാണ് കീഴ്ച്ചുണ്ട് മുറിക്കുന്ന ആചാരം. എത്യോപ്യയിലെ ഓമോ വാലി മേഖലയിൽ താമസിക്കുന്ന മുർസി ഗോത്രവിഭാഗമാണ് ഈ പ്രാചീന ആചാരം ഇന്നും അനുഷ്ടിച്ചുപോരുന്നത്. പ്രാകൃത ജീവിതം നയിക്കുന്ന ഇവര്‍ തീര്‍ത്തും ഒറ്റപ്പെട്ടാണ് ഓമോ വാലി മേഖലയിൽ കഴിയുന്നത്. ഇവിടെയെത്തുന്ന വിദേശസഞ്ചാരികളെ കാണാറുണ്ടെന്നല്ലാതെ പുറംലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പറയാം. 

മുര്‍സി ഗോത്രത്തിന്‍റെ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കീഴ്ച്ചുണ്ട് മുറിക്കുക എന്നത്. പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമുളള ആചാരമാണിത്. പ്രായപൂര്‍ത്തിയായ ശേഷം മാത്രമാണ് പെണ്‍കുട്ടികള്‍ ഈ ആചാരം അനുഷ്ടിക്കേണ്ടത്. പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഈ പെണ്‍കുട്ടികളുടെ കീഴ്ച്ചുണ്ടില്‍ ഒരു ചെറിയ മുറിവ് ഉണ്ടാക്കും. വളരെ വേദനാജനകമായ ഒരു പ്രക്രിയയാണിത്. ചുണ്ട് മുറിച്ചശേഷം  മരത്തിന്‍റെ വൃത്താകൃതിയിലുളള ചെറിയ ഒരു കഷ്ണം ഈ മുറിവിലേക്ക് കടത്തിവെയ്ക്കും. ദിവസങ്ങള്‍ കഴിയുന്തോറും മുറിവ് ഉണങ്ങി ചെറിയ ദ്വാരമായി മാറും. ഇതോടെ മരക്കഷ്ണം എടുത്ത് മാറ്റി ചുണ്ടില്‍ കുറച്ചുകൂടി വലുപ്പമുളള മറ്റൊന്ന് എടുത്ത് വയ്ക്കും. ഇത്തരത്തില്‍ മരക്കഷ്ണത്തിന്‍റെ വലുപ്പം നാള്‍തോറും വലുതായിക്കൊണ്ടിരിക്കും.

അത്യാവശ്യം വലിയ മരക്കഷ്ണങ്ങള്‍ വയ്ക്കാന്‍ പാകത്തിന് ചുണ്ടിലെ ദ്വാരം വലുതായെന്ന് മനസിലായാല്‍ പിന്നെ മരക്കഷ്ണത്തിന് പകരം കളിമണ്ണുകൊണ്ടുളള പ്ലേറ്റുകളാകും വയ്ക്കുക. കളിമണ്‍ പ്ലേറ്റിന്‍റെ വലുപ്പം കൂടുന്തോറും പെണ്‍കുട്ടിയുടെ സൗന്ദര്യവും വര്‍ധിക്കും എന്നാണ് മുര്‍സി ഗോത്രത്തിന്‍റെ വിശ്വാസം. ഏറ്റവും വലിയ കളിമണ്‍ പ്ലേറ്റ് ധരിക്കുന്ന പെണ്‍കുട്ടിയെയാണ് ഗോത്രം ഏറ്റവും സുന്ദരിയായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ വലുപ്പമുളള പ്ലേറ്റുകള്‍ ധരിക്കാന്‍ ഗോത്രവിഭാഗത്തിലെ സ്ത്രീകള്‍ ശ്രമിക്കാറുണ്ട്. ഗോത്രാചാരപ്രകാരമുളള പ്രത്യേക ദിവസങ്ങളിലും പരമ്പരാഗത ന‍ൃത്തം ചെയ്യുമ്പോഴും ഇവിടുത്തെ സ്ത്രീകള്‍ വിവിധ ചായങ്ങള്‍ തേച്ച് മിനുക്കിയ വലുപ്പമുളള കളിമണ്‍ പ്ലേറ്റുകള്‍ ചുണ്ടില്‍ ധരിക്കാറുണ്ട്. കൂടാതെ ഇവിടെയെത്തുന്ന വിനോദ‍സഞ്ചാരികളെ ആകര്‍ഷിക്കാനും അവരില്‍ നിന്ന് കൂടുതൽ പണം സമ്പാദിക്കുന്നതിനായി മുര്‍സി ഗോത്രവിഭാഗത്തിലെ സ്ത്രീകള്‍ വലിപ്പമുളള വ്യത്യസ്തമായ കളിമണ്‍ പ്ലേറ്റുകള്‍ ധരിക്കാറുണ്ട്. 

സൗന്ദര്യവര്‍ധനക്കൊപ്പം തന്നെ ഈ കളിമണ്‍ പ്ലേറ്റുകള്‍ മുര്‍സി ഗോത്രവിഭാഗത്തിലെ സ്ത്രീകളുടെ ശാരീരിക ശക്തി, ധൈര്യം, ഗോത്ര സംസ്കാരത്തോടുള്ള ആദരവ് എന്നിവയെ പ്രതിഫലിപ്പിക്കുന്നു. കൃഷിയും മൃഗസംരക്ഷണവുമാണ് അവരുടെ പ്രധാന ഉപജീവനമാർഗ്ഗങ്ങൾ. കാലമിത്രയും മുന്നോട്ടുപോയിട്ടും വലിയൊരു വിഭാഗം മുര്‍സി ഗോത്രവർഗക്കാർ അവരുടെ പാരമ്പര്യങ്ങളും ജീവിതരീതികളും ഇന്നും സംരക്ഷിച്ചുപോരുന്നു. 

ENGLISH SUMMARY:

Mursi Women Redefine Beauty With Clay Plates