നവ മാധ്യമങ്ങളിൽ തന്നെ വേട്ടയാടുന്നവർക്ക് മറുപടിയുമായി സിപിഎംസംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ. ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധികളിൽ ഒരാളായി തന്നെ നിയോഗിച്ചിട്ട് അഞ്ചു വർഷം പൂർത്തിയാവുകയാണെന്നും, ചർച്ചകളിൽ പറഞ്ഞിട്ടുള്ളത് തൻ്റെ ബോധ്യങ്ങൾ മാത്രമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'ന്യായീകരിക്കാൻ വേണ്ടി താൻ ന്യായീകരണങ്ങൾ നിർമ്മിച്ചിട്ടില്ല. ഒരു ചർച്ചയിലും ബോധ്യം ഇല്ലാത്തത് പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ തീവ്രമായി ഉയർത്തുന്ന ഇടതുപക്ഷ വിരുദ്ധതയെ ചെറുക്കുന്ന ചുമതല നിർവഹിക്കാൻ ശ്രമിച്ചിട്ടുണ്ട്.
പൊതുബോധം നിർമ്മിക്കുന്ന മാധ്യമ വിശകലന രീതിയോട് കലഹിച്ച് ഇടതുപക്ഷ മുന്നണിയേയും സർക്കാരിനേയും സിപിഎമ്മിനേയും സംരക്ഷിക്കാനായി ശ്രമിക്കുമ്പോൾ എതിരാളികൾ വ്യക്തിഹത്യ നടത്തും. വ്യാജ വീഡിയോ വരും. കുടുംബത്തെ വരെ ചേർത്ത് ആക്രമിക്കും. പക്ഷെ, ഉള്ളിൽ ചിരിക്കാറേയുള്ളു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നാം പതറിയില്ല, 16 ലക്ഷം വോട്ട് അധികം നേടി. തദ്ദേശത്തിൽ 82.16 ലക്ഷം വോട്ട് ഉറപ്പിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തിന്നു തല കുനിക്കണം.
വൈകാരികമായും വർഗീയമായും പല പരിഗണനകൾ നൽകിയും വലതുപക്ഷം താൽക്കാലിക വിജയങ്ങൾ നേടിയാലും ഇടതുപക്ഷം തോൽക്കില്ല. ഇടതുപക്ഷത്തിന് തോൽക്കാൻ മനസ്സില്ല. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതോടെ വ്യക്തിപരമായ ഇമേജിന് കോട്ടം വരുമെന്ന് ശങ്കിക്കുന്നവർ മുതൽ എതിരാളികൾ വരെ മനസ്സിലാക്കുക. നവ ഫാസിസം പിടിമുറുക്കുമ്പോൾ ഏത് ഇമേജിനെപ്പറ്റിയാണ് നാം ചിന്തിക്കേണ്ടത്.
കാലം വേറെയാണ്. എൻ്റെ പ്രസ്ഥാനം കള്ളങ്കമറ്റതാണെന്ന നിറഞ്ഞ ബോധ്യം എനിക്കുണ്ട്. ഞങ്ങൾ ഇലക്ടറൽ ബോണ്ട് വാങ്ങാത്തവരാണ്. ഞങ്ങൾക്ക് തെറ്റുപറ്റിയാൽ തിരുത്തും.. ഏറ്റുപറയും.. വേട്ടക്കാർക്കു മുന്നിൽ തലകുനിക്കില്ല'- അഡ്വ. കെ അനിൽകുമാർ വ്യക്തമാക്കുന്നു.