മേയര്‍ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ വി.വി.രാജേഷിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി.വി രാജേഷ് ഫോണില്‍ വിളിച്ചപ്പോഴാണ് പിണറായി വിജയന്‍ ആശംസ നേര്‍ന്നത്. ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപറേഷൻ ഭരണത്തിലേക്കു ബിജെപി എത്തുമ്പോൾ നയിക്കാനുള്ള നിയോഗം കൊടുങ്ങാനൂർ വാർഡിൽനിന്നു വിജയിച്ച വി.വി.രാജേഷിനാണ്.മുൻ ഡിജിപി ആർ.ശ്രീലേഖയുടെ പേരും പരിഗണിക്കപ്പെട്ടെങ്കിലും രാഷ്ട്രീയരംഗത്തെ പതിറ്റാണ്ടുകളുടെ പരിചയമാണ് രാജേഷിന് നറുക്കു വീഴാൻ കാരണമായത്. ഭൂരിഭാഗം കൗൺസിലർമാരുടെയും പിന്തുണ രാജേഷിനായിരുന്നു
മേയർ സ്ഥാനാർഥിയാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് വി.വി.രാജേഷ് പ്രതികരിച്ചു. ‘വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യമുണ്ട്. ഇത് സാധാരണക്കാരുടെ വിജയമാണ്, കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രതീക്ഷയും സാധ്യതയും ഇല്ലാതിരുന്ന കാലത്ത് പ്രവർത്തനം ആരംഭിച്ച ആയിരക്കണക്കിനു നേതാക്കളുണ്ട്. അവരുടെ പ്രവർത്തനത്തിന്‍റെ ഫലമാണ് ഈ വിജയം’ വി.വി.രാജേഷ് പറഞ്ഞു.