വി.വി.രാജേഷിനെ തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതോടെ ശ്രീലേഖയ്ക്ക് മുന്നില്‍ രണ്ട് ഓഫറുകളുമായി നേതാക്കള്‍. ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനം, വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സീറ്റ് എന്നിവയാണ് വാഗ്ദാനങ്ങള്‍. മേയര്‍ പദവിയിലേക്ക് ശ്രീലേഖയ്ക്ക് തിരിച്ചടിയായത് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടായിരുന്നു. രാഷ്ട്രീയ പരിചയമുള്ളവര്‍ മേയറാകണമെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്. ആര്‍എസ്എസ്, വി.മുരളീധരപക്ഷത്തിന്‍റെ എതിര്‍പ്പും നിര്‍ണായകമായി.
Also Read: വി.മുരളീധര പക്ഷം കടുത്ത നിലപാടെടുത്തു; രാജീവ് ചന്ദ്രശേഖര്‍ വഴങ്ങി; ശ്രീലേഖ ഔട്ടായ വഴി
ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്നലെ ഡല്‍ഹിക്ക് പറക്കുമ്പോള്‍ രാജീവ് ചന്ദ്രശേഖറുടെ മനസില്‍ രണ്ട് പേരുകളായിരുന്നു. ആര്‍.ശ്രീലേഖയും വി.വി.രാജേഷും. സംസ്ഥാന നേതൃത്വത്തിലുള്ള ചിലര്‍ രാജേഷിനെ വെട്ടാന്‍ ശ്രീലേഖയ്ക്ക് വേണ്ടി വാദിച്ചതോടെ ഒന്നാം പേര് ശ്രീലേഖയുടേതായി. ദേശീയ നേതൃത്വത്തിന്‍റെ അനുമതിയോടെ ശ്രീലേഖയുടെ പേര് പ്രഖ്യാപിക്കാമെന്നായിരുന്നു രാവിലെ 11 മണിവരെയുള്ള പ്രതീക്ഷ. എന്നാല്‍ പിന്നീടുണ്ടായത് അപ്രതീക്ഷിത ട്വിസ്റ്റ് . ശ്രീലേഖയുടെ പേര് അവതരിപ്പിച്ചതോടെ 2020ല്‍ പാലക്കാടും പന്തളത്തും പരിചയ സമ്പന്നരല്ലാത്തവരെ ഭരണചുമതലയേല്‍പ്പിച്ചതുമൂലമുണ്ടായ തിരിച്ചടി കേന്ദ്രനേതൃത്വം ചൂണ്ടിക്കാട്ടി. അതിനാല്‍ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരത്ത് ശ്രീലേഖയേക്കാള്‍ മികച്ചത് രാഷ്ട്രീയ പരിചയമുള്ള രാജേഷാണെന്ന് നിര്‍ദേശിച്ചു.
ഇതിനിടെ രാജേഷിനെ വെട്ടി ശ്രീലേഖയെ മേയറാക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ വി.മുരളീധരന്‍റെയും കെ.സുരേന്ദ്രന്‍റെയും നേതൃത്വത്തിലെ സംഘം കേന്ദ്രനേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് തുടങ്ങിയിരുന്നു. ആര്‍.എസ്.എസും രാജേഷിനെ പിന്തുണച്ചു. രാജേഷിനോടും ശ്രീലേഖയോടും തുടക്കം മുതല്‍ ഒരേ സമീപനം പുലര്‍ത്തിയിരുന്ന രാജീവ് ചന്ദ്രശേഖറും എതിര്‍ക്കാന്‍ നിന്നില്ല. അതോടെ മേയര്‍ ചര്‍ച്ചയില്‍ നിന്ന് ശ്രീലേഖ ഔട്ട്.
മേയറെന്ന വാഗ്ദാനത്തോടെ മല്‍സരത്തിനിറക്കിയ ശ്രീലേഖയെ കൗണ്‍സിലറാക്കി ഒതുക്കേണ്ടിവന്നത് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാണ്. രാജേഷിന് വേണ്ടി വാദിച്ച വി.മുരളീധരപക്ഷത്തിന്‍റെ വിജയവും.