മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള രണ്ടു ഫോട്ടോകളില്‍ ഒന്ന് എഐയാണെന്നും രണ്ടാമത്തെ ഫോട്ടോയുടെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം .വി.ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെവി പിടിക്കുന്നതരത്തില്‍ പുറത്തുവന്ന ഫോട്ടോ അടൂര്‍ പ്രകാശ് പ്രചരിപ്പിക്കുന്നത് എഐ ആണ്. പോറ്റിയുടെ അടുത്ത് കൂടി നടന്നു പോകുന്ന മറ്റൊരു ഫോട്ടോയുടെ വിവരങ്ങള്‍ താമസിക്കാതെ പുറത്തുവരും. സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോയിലും അന്വേഷണം വരുമെന്നും ആരാണ് അപ്പോയിന്‍മെന്‍റ് നല്‍കിയതെന്നതില്‍ അടൂര്‍ പ്രകാശിന് മറുപടിയില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു
Also Read: പോറ്റിക്കൊപ്പമുള്ള സോണിയയുടെ ചിത്രവുമായി സിപിഎം; മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം ഉയര്‍ത്തി കോൺഗ്രസ്
അതേസമയം, താന്‍ കാണുന്നതിന് മുന്‍പ് മുഖ്യമന്ത്രിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടതെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് ചേരുന്നതല്ല ഇത്തരം പരാമര്‍ശങ്ങളെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
സ്വർണ്ണക്കൊള്ളയിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനുമൊക്കെയായി വിവിധ നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിരുന്നു. ഇത് ഉപയോഗിച്ചാണ് നേതാക്കൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമാര്‍ ഉൾപ്പെടെ അറസ്റ്റിൽ ആയതോടെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള സോണിയാഗാന്ധിയുടെ ചിത്രം എടുത്ത് സിപിഎം നേതാക്കളാണ് ആരോപണങ്ങൾക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാക്കളുടെ മറുപടി. ഇന്നലെ മുഖ്യമന്ത്രിയും മറുപടിയായി എത്തിയതോടെ വിവാദം കൊഴുത്തു.
‘ഇന്നലെ ശിവൻകുട്ടി പറഞ്ഞല്ലോ സോണിയ ഗാന്ധിയുടെ കയ്യിൽ ഉണ്ണികൃഷ്ണന്‍ പോറ്റി എന്തോ കെട്ടിക്കൊടുക്കുന്നു എന്ന്. സോണിയാ ഗാന്ധിക്കും ആന്‍റോ ആന്‍റണിക്കും അടൂര്‍ പ്രകാശിനും ബന്ധമുണ്ടെന്ന്. ഞാൻ ചോദിക്കട്ടെ മുഖ്യമന്ത്രിയുടെ ചെവിയിൽ ഈ ഉണ്ണികൃഷ്ണൻ പോറ്റി മന്ത്രിച്ചത് എന്തായിരുന്നു? അതിനെപ്പറ്റി എന്താ ശിവൻകുട്ടി പറയാത്തത്? മുഖ്യമന്ത്രിക്കും അദ്ദേഹവുമായി ബന്ധം ഉണ്ടെന്ന് ഞാൻ പറഞ്ഞോ? ഇല്ലോല്ലോ? ബഹുമാനപ്പെട്ട മന്ത്രി ഇത്തരം കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തിന്റെ കയ്യില്‍ തെളിവുണ്ടാകണം’ എന്നായിരുന്നു വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രതികരണം.
പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണമെത്തി. ‘സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, ഈ പോറ്റി സ്വർണ്ണം വിറ്റു എന്ന് കണ്ടെത്തിയിട്ടുള്ള ഗോവർദ്ധൻ. ഇവർ രണ്ടുപേരും സോണിയ ഗാന്ധിയുമായി ഒപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്. ഒരു ചിത്രത്തില്‍ ഗോവർധൻ എന്ന ഈ കേസിലെ പ്രതിയിൽ നിന്ന് സോണിയാ ഗാന്ധി ഉപഹാരം സ്വീകരിക്കുന്നു. രണ്ടാമത്തെ ചിത്രത്തില്‍ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ കയ്യിൽ എന്തോ കെട്ടിക്കൊടുക്കുന്നു. അതിന്റെ കൂട്ടത്തിൽ തന്നെ പത്തനംതിട്ട എംപി ആന്റോ ആന്റണി പത്തനംതിട്ട ജില്ലക്കാരനും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശ് അവര് സോണിയ ഗാന്ധിയുടെ ഒപ്പം ഉണ്ടായിരുന്നു. സോണിയ ഗാന്ധിയുമായി എങ്ങനെയാണ് ഈ സ്വർണ്ണ കേസിലെ പ്രതികൾക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയത്?’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.